കെ.സുരേന്ദ്രനിതെന്തു പറ്റി.? ട്രോളുമായി കോണ്‍ഗ്രസ് നേതാക്കള്‍

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തില്‍ കേരള സര്‍ക്കാരിനെ പ്രശംസിക്കുകയും പ്രതിപക്ഷം കടമ മറക്കുന്നുവെന്ന് വിമര്‍ശിക്കുകയും ചെയ്ത ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ട്രോളി കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് യുവ നേതാക്കാളായ പിസി വിഷ്ണുനാഥ്, ടി സിദ്ദീഖ്, ജ്യേതികുമാര്‍ ചാമക്കാല എന്നിവരാണ് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെ പരിഹസിച്ച് രംഗത്ത് വന്നത്.

കൊവിഡ് പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കുക എന്നത് പ്രതിപക്ഷത്തിന്റെ പതിവ് പരിപാടിയായി മാറുന്നത് ശരിയല്ലെന്നും പ്രതിപക്ഷം കടമ മറക്കുകയാണെന്നുമാണ് സുരേന്ദ്രന്‍ ഇന്നലെ പറഞ്ഞത്.

മോദി സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി സ്വീകരിക്കുന്ന നിലപാട് തന്നെയാണ് സംസ്ഥാന സര്‍ക്കാരിനെതിരെ കേരളത്തിലെ പ്രതിപക്ഷവും സ്വീകരിക്കുന്നതെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

‘പ്രതിപക്ഷം സര്‍ക്കാറിനെ അനാവശ്യമായി വിമര്‍ശിക്കുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍! അല്ല ഇവര്‍ എപ്പോഴാണ് ഭരണപക്ഷമായത്’ എന്നാണ് പി.സി.വിഷ്ണുനാഥ് ചോദിക്കുന്നത്.

ഈ കെ.സുരേന്ദ്രനിതെന്തു പറ്റി.? അദ്ദേഹത്തിന്റെ തലച്ചോര്‍ സ്പോഞ്ചുപോലെയാണോ എന്നായിരുന്നു ജ്യോതികുമാര്‍ ചാമക്കാലയുടെ ചോദ്യം.

‘ദിവസവും 6 മണിക്ക് മുഖ്യമന്ത്രി പിആര്‍ വര്‍ക്ക് നടത്തുകയാണെന്നും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന റേഷനരി സ്വന്തം പേരിലാക്കുകയാണെന്നും 1000 രൂപയുടെ പലവ്യഞ്ജനങ്ങള്‍ എന്നത് വെറും 750 രൂപയില്‍ താഴെ ഉള്ളതാണെന്നും വിമര്‍ശിച്ച് നടന്ന സുരേന്ദ്രന്‍ ഒരു രാത്രി കൊണ്ട് മലക്കം മറിഞ്ഞിട്ടുണ്ട്. ഇത്രയും കാലം സജീവമായിരുന്ന അന്തര്‍ധാര ഇപ്പോള്‍ പരസ്യമായിരിക്കുന്നു’ എന്നിങ്ങനെയാണ് സിദ്ദിഖ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

Top