ക്രിക്കറ്റര്‍ ശ്രീശാന്തിന്റെ പ്രതികരണം ‘എരിതീയില്‍ എണ്ണ ഒഴിച്ചതിന് തുല്യം’

കോണ്‍ഗ്രസ്സിനോട് രാഷ്ട്രീയ വിയോജിപ്പുള്ളവര്‍ പോലും ആ പാര്‍ട്ടിയുടെ പ്രവര്‍ത്തകര്‍ ചെയ്ത ഈ പ്രവര്‍ത്തിയെ അംഗീകരിക്കും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ എന്ന അവസരവാദിയുടെ ചിത്രത്തില്‍ കരി ഓയിലൊഴിച്ച സംഭവമാണത്. പ്രതീകാത്മകമായ ഈ പ്രതിഷേധത്തെ ഒരിക്കലും തള്ളിപ്പറയാന്‍ കഴിയുകയില്ല. മാസങ്ങളായി ജീവിതത്തിനും മരണത്തിനും ഇടയില്‍ പൊരുതുന്ന കര്‍ഷകരെ കേള്‍ക്കാതെ ഭരണകൂടത്തെ മാത്രം കേള്‍ക്കുകയും അവരുടെ നാവായി മാറുകയും ചെയ്തതിന് ജനകോടികള്‍ വെറുക്കുന്ന താരമായാണ് സച്ചിന്‍ ഇന്നു മാറിയിരിക്കുന്നത്. ലോക ക്രിക്കറ്റില്‍ പകരം വയ്ക്കാനില്ലാത്ത താരമാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. അക്കാര്യത്തില്‍ തര്‍ക്കമില്ല. ബാറ്റുകൊണ്ട് തീര്‍ത്ത റണ്‍മഴയും വിജയങ്ങളും സച്ചിനെ ക്രിക്കറ്റിലെ ദൈവമാക്കിയാണ് മാറ്റിയിരുന്നത്. കളിക്കളത്തിലെ ഈ ഹീറോക്ക് ജീവതത്തില്‍ ഇപ്പോള്‍ വില്ലന്‍ പരിവേഷം കിട്ടിയിട്ടുണ്ടെങ്കില്‍ അതിനു ഉത്തരവാദി സച്ചിന്‍ മാത്രമാണ്.

മഹാരാഷ്ട്രയില്‍ മറാത്താ വാദം ഉയര്‍ന്നപ്പോള്‍ അന്ന് അതിനെ ശക്തമായി എതിര്‍ത്ത് താന്‍ മഹാരാഷ്ട്രക്കാരന്‍ മാത്രമല്ല ഇന്ത്യാക്കാരന്‍ കൂടിയാണെന്ന് പറഞ്ഞ സച്ചിനാണ് ഇപ്പോള്‍, അതിരുകള്‍ ഓര്‍മ്മിപ്പിച്ച് കര്‍ഷക വിരുദ്ധ നിലപാടുമായി രംഗത്തു വന്നിരിക്കുന്നത്. വിശപ്പിനും കണ്ണീരിനും അതിര്‍ത്തികള്‍ ഇല്ലെന്നത് ആദ്യം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മനസ്സിലാക്കേണ്ടത്. രണ്ടുമാസത്തിലേറെയായി രാജ്യത്ത് അരങ്ങേറുന്ന കര്‍ഷക പ്രക്ഷോഭത്തിന് എതിരെ സര്‍ക്കാറും കുത്തക മാധ്യമങ്ങളും കണ്ണടയ്ക്കുമ്പോള്‍ ‘എന്തുകൊണ്ട് നമ്മള്‍ ഈ വിഷയം ചര്‍ച്ചയാക്കുന്നില്ല എന്ന മറുചോദ്യം’ ലോകത്തു നിന്നും ഉയരുക സ്വാഭാവികം തന്നെയാണ്. അത് പോപ്പുലറായ ബാര്‍ബഡിയേന്‍ ഗായിക റിഹാന ഉള്‍പ്പെടെയുള്ളവര്‍ ചോദിക്കുമ്പോള്‍ എന്തിനാണ് സച്ചിന്‍ അടക്കമുള്ള സെലിബ്രിറ്റികള്‍ക്ക് പൊള്ളുന്നത്?

റിഹാനക്ക് പുറമെ, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തകയായ ഗ്രേറ്റ തുന്‍ബര്‍ഗും അമേരിക്കന്‍ പരിസ്ഥിതി ആക്ടിവിസ്റ്റ് ജാമി മര്‍ഗോളിന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ ബന്ധു മീനാ ഹാരിസ്, മിയ ഖലീഫ തുടങ്ങിയവരും സമാന അഭിപ്രായ പ്രകടനങ്ങളുമായി ഇതിനകം തന്നെ രംഗത്തു വന്നിട്ടുണ്ട്. ഇവരാരും ഇന്ത്യയുടെ ശത്രുക്കളല്ല. ഇത്തരം പ്രതികരണം നടത്താനുള്ള സാഹചര്യം സൃഷ്ടിച്ചതിന് ആദ്യം സച്ചിന്‍ അടക്കമുള്ളവര്‍ വിമര്‍ശിക്കേണ്ടിയിരുന്നത് യഥാര്‍ത്ഥത്തില്‍ കേന്ദ്ര സര്‍ക്കാറിനെയാണ്. എന്നാല്‍, ദൗര്‍ഭാഗ്യവശാല്‍ അദ്ദേഹം ഉള്‍പ്പെടെയുള്ള സെലിബ്രിറ്റികള്‍ വിമര്‍ശിച്ചത് റിഹാന ഉള്‍പ്പെടെയുള്ളവരെ മാത്രമാണ്. ‘പുറത്തുനിന്നുള്ളവര്‍ക്ക് കാഴ്ചക്കാരായി നില്‍ക്കാമെന്നും, അവര്‍ ഇന്ത്യയുടെ പരമാധികാരത്തില്‍ ഇടപെടരുതെന്നുമാണ്’ സച്ചിന്‍ തുറന്നടിച്ചിരിക്കുന്നത്. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാമെന്നും, ഇന്ത്യയ്ക്ക് വേണ്ടി തീരുമാനമെടുക്കാനും, ഒരു രാജ്യമെന്ന നിലയില്‍ കഴിയുമെന്നുമാണ് ട്വീറ്റിലൂടെ അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

റിഹാന ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണത്തെ സച്ചിന്‍ ഇങ്ങനെ വിലയിരുത്തിയത് തന്നെ തെറ്റാണ്. അന്താരാഷ്ട്ര ക്രിക്കറ്ററായി ഏറെക്കാലം തിളങ്ങിയ സച്ചിന്‍, അതിര്‍ത്തിക്കപ്പുറമുള്ള മനുഷ്യരുടെ ഉദ്ദേശ ശുദ്ധിയാണ് കാണാതെ പോയിരിക്കുന്നത്. ഇത് അദ്ദേഹത്തിന്റെ ആരാധകരെ പോലും ഞെട്ടിക്കുന്നതാണ്. അതുകൊണ്ടാണ്, ‘ക്രിക്കറ്റ് ദൈവം മരിച്ചു, തങ്ങള്‍ സച്ചിന്‍ ഫാന്‍ അല്ല’ എന്നൊക്കെ പറഞ്ഞുകൊണ്ട് അനവധി പേരിപ്പോള്‍ പ്രതികരിച്ചു കൊണ്ടിരിക്കുന്നത്. ഇതോടെ, ഇന്നുവരെ സച്ചിന്‍ കെട്ടിപ്പടുത്ത ആരാധക കോട്ടയാണ് തകര്‍ന്നു തരിപ്പണമായിരിക്കുന്നത്. ഇത് വീണ്ടും കെട്ടിപ്പൊക്കാന്‍ ശ്രീശാന്തിനെ പോലെയുള്ള രണ്ടാംകിട ക്രിക്കറ്ററെ കൊണ്ട് കഴിയില്ലെന്നതും സച്ചിന്‍ തിരിച്ചറിയുന്നത് നല്ലതായിരിക്കും.

സച്ചിന്റെ ചിത്രത്തില്‍ കരി ഓയിലൊഴിച്ച യൂത്ത് കോണ്‍ഗ്രസ്? നടപടിയില്‍ പ്രതിഷേധിച്ച ശ്രീശാന്ത് ‘കോണ്‍ഗ്രസ്സ് തെമ്മാടികള്‍’ എന്നാണ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്തിരിക്കുന്നത്. 130 കോടി ജനങ്ങളുടെ വികാരമാണ് കോണ്‍ഗ്രസ് വ്രണപ്പെടുത്തിയതെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. രാജ്യത്തെ ജനങ്ങളുടെ മൊത്തം അട്ടിപ്പേറവകാശം ശ്രീശാന്തിന് ആരും തന്നെ ഇവിടെ പതിച്ചു നല്‍കിയിട്ടില്ല. അതുകൊണ്ടു തന്നെ അത്തരം ചെപ്പടി വിദ്യകള്‍ ഈ മണ്ണില്‍ ചിലവാകുകയുമില്ല. സുഹൃത്തിനോട് സ്‌നേഹം കാണിക്കണമെങ്കില്‍ അതിനു മാന്യമായ ഭാഷയാണ് ഉപയോഗിക്കേണ്ടത്. എന്തും ട്വീറ്റ് ചെയ്യാം എന്ന ബോധമാണ് ഇനിയും ശ്രീശാന്തിനെ നയിക്കുന്നതെങ്കില്‍ അനുഭവിച്ചതിനേക്കാള്‍ കൂടുതല്‍, അനുഭവിക്കേണ്ട സാഹചര്യമാണ് അദ്ദേഹത്തിനുണ്ടാകുക.

ഒറ്റപ്പെടലിന്റെ വേദന ശ്രീശാന്ത് ഒരിക്കലും മറന്നു പോകരുത്. ഈ നാട് ഒന്നും മറന്നിട്ടില്ല, മറക്കുകയുമില്ല. സച്ചിനെ മാത്രമല്ല, കേന്ദ്രത്തെയും അവരെ പിന്തുണക്കുന്ന സകല സെലിബ്രിറ്റികളെയും ഇനിയും വിമര്‍ശിക്കുക തന്നെ ചെയ്യും. അത് കര്‍ഷകരോട് ജനങ്ങള്‍ കാണിക്കുന്ന ഐക്യദാര്‍ഡ്യം കൂടിയാണ്. രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ കൂടതലുള്ള മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭ എംപിയായിട്ടുള്ള സച്ചിന്‍ ഒരു ഘട്ടത്തില്‍ പോലും കര്‍ഷകര്‍ക്കു വേണ്ടി നാവുയര്‍ത്തിയിട്ടില്ല. എന്നാലിപ്പോള്‍, കര്‍ഷകസമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികളെ വിമര്‍ശിക്കാനാണ് ആ നാവുയര്‍ന്നിരിക്കുന്നത്. ഇതിനെയാണ്, പ്രതികരണ ശേഷിയുള്ള ജനതയിപ്പോള്‍ ചോദ്യം ചെയ്തിരിക്കുന്നത്.

മുന്‍പ് ബാല്‍ താക്കറെ സച്ചിനെക്കുറിച്ച് പറഞ്ഞ വിഡിയോവരെ പങ്കുവച്ചാണ് ആരാധകര്‍ വിമര്‍ശനം ഉന്നയിക്കുന്നതെന്നതും നാം കാണാതെ പോകരുത്.’സച്ചിന്‍ കളിക്കുന്നത് പണത്തിനുവേണ്ടിയാണെന്നാണ് താക്കറെ വിമര്‍ശിച്ചിരുന്നത്. താക്കറെയെയും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെയും വിമര്‍ശിക്കുന്നവര്‍ പോലും സച്ചിനെതിരെ ഈ വീഡിയോയാണ് വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാരിനെ പിന്തുണച്ച് ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗെന്‍സ്റ്റ് പ്രൊപ്പഗന്‍ഡ ഹാഷ്ടാഗുകളില്‍ ട്വീറ്റുകള്‍ പങ്കുവച്ച താരങ്ങളില്‍ ഏറെ വിമര്‍ശനത്തിന് വിധേയനായിരിക്കുന്നതും സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മാത്രമാണ്. വിരാട് കോലിയും രോഹിത് ശര്‍മയും അജിങ്ക്യ രഹാനെയും കര്‍ഷകരെക്കൂടി അനുസ്മരിച്ച് ‘ഇലയ്ക്കും മുള്ളിനും’കേടില്ലാത്തവിധം ട്വീറ്റ് ചെയ്തപ്പോള്‍, സച്ചിന്റെ അക്കൗണ്ടിലെ ട്വീറ്റില്‍, കര്‍ഷകനെക്കുറിച്ച് ഒരു വരിപോലും ഉണ്ടാകാതിരുന്നതാണ് ഈ പ്രകോപനത്തിന് പ്രധാന കാരണം.

അതേസമയം, ചെറിയ കാര്യങ്ങളില്‍ പോലും വലിയ പ്രതികരണങ്ങളുമായി രംഗത്തു വരുന്ന മോഹന്‍ലാല്‍ മുതല്‍ രാജ്യത്തെ ഭൂരിപക്ഷ സൂപ്പര്‍ താരങ്ങളും കര്‍ഷക വിഷയത്തില്‍ ഇപ്പോള്‍ നിശബ്ദരാണ്. മാധ്യമങ്ങള്‍ ആവര്‍ത്തിച്ച് ചോദിച്ചിട്ടും പ്രതികരണം നടത്താതെ ഒഴിഞ്ഞു മാറുകയാണ് താരങ്ങള്‍ ചെയ്യുന്നത്. കേന്ദ്രത്തിന്റെ കൈവശം എന്‍ഫോഴ്‌സ് മെന്റും ഇന്‍കം ടാക്‌സും ഒക്കെ ഉള്ളടത്തോളം കാലം സെലിബ്രിറ്റികളെ ഉപയോഗപ്പെടുത്തി അനുകൂല പ്രതികരണങ്ങള്‍ നടത്തിക്കാനും അതിനു കഴിഞ്ഞില്ലെങ്കില്‍ നിശബ്ദരാക്കാനും ഭരണകൂടത്തിനു എളുപ്പത്തില്‍ കഴിയും. എന്നാല്‍, പ്രബുദ്ധരായ ജനതയെ നിശബ്ദരാക്കാന്‍ അതു കൊണ്ടൊന്നും കഴിയുകയില്ല. ഇക്കാര്യവും ഭരണകൂടം ഓര്‍ക്കുന്നത് നല്ലതായിരിക്കും.

Top