കോൺഗ്രസ് പ്രവർത്തക സമിതി: അംഗങ്ങളുടെ കാര്യം ഹോളിക്ക് ശേഷം തീരുമാനിക്കും

ഡൽഹി: കോൺഗ്രസ് പ്രവർത്തക സമിതി അംഗങ്ങളിൽ തീരുമാനം ഉടൻ. ഹോളിക്ക് ശേഷം ചർച്ച തുടങ്ങും. തരൂരിന്റെ കാര്യത്തിൽ അതിമ തീരുമാനമായില്ല. ക്ഷണിതാവ് പദവി സ്വീകരിക്കില്ലെന്ന നിലപാടിലാണ് അദ്ദേഹം. എന്നാൽ ഭൂരിപക്ഷം പേർക്കും അദ്ദേഹത്തെ പ്രവർത്തക സമിതി അംഗമാക്കുന്നതിൽ യോജിപ്പില്ല. ഒരു മാസത്തിനുള്ളിൽ നേതാക്കളെ തീരുമാനിക്കുമെന്നാണ് കോൺഗ്രസ് പ്ലീനറി സമ്മേളനത്തിന് ശേഷം പറഞ്ഞത്.

കഴിഞ്ഞ ആഴ്ചയാണ് പ്ലീനറി സമ്മേളനം റായ്പൂരിൽ അവസാനിച്ചത്. രാഹുൽ ഗാന്ധി വിദേശ സന്ദർശനത്തിലാണ്. സോണിയാ ഗാന്ധി ആരോഗ്യകാരണങ്ങളാൽ വിശ്രമത്തിലാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയും ദില്ലിയിലില്ല. ഈ സാഹചര്യത്തിൽ ഹോളിക്ക് ശേഷം ദില്ലിയിൽ ചർച്ചകൾ നടക്കും. തരൂരിനെ പ്രവർത്തക സമിതി അംഗമാക്കുന്നതിൽ നേതാക്കൾക്ക് വിയോജിപ്പാണെങ്കിലും വിമർശനങ്ങൾ ഒഴിവാക്കാനായി ക്ഷണിതാവാക്കാനായിരുന്നു നീക്കം. ഇതംഗീകരിക്കില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് തരൂരും.

പ്രവർത്തക സമിതിയിലേക്ക് ക്രിസ്ത്യൻ വിഭാഗക്കാരിൽ ആരെയെങ്കിലും ഉൾപ്പെടുത്തുമെന്ന ചർച്ചകളുണ്ടായിരുന്നു. ബെന്നി ബഹന്നാൻ, ആന്റോ ആൻറണി എന്നിവരുടെ പേരുകൾ പരിഗണിച്ചേക്കുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കർണാടകയിൽ നിന്നുള്ള മുൻ ആഭ്യന്തര മന്ത്രി കെജെ ജോർജ്ജിനാണ് ഇപ്പോൾ മുഖ്യ പരിഗണന. ക്രിസ്ത്യൻ വിഭാഗക്കാരെ പരിഗണിക്കുകയാണെങ്കിൽ ജോർജ് പ്രവർത്തക സമിതിയിലേക്ക് എത്തും. പാർലമെന്റ് സമ്മേളനം ഈ മാസം 13 ന് തുടങ്ങി ഏപ്രിൽ ആറിനാണ് അവസാനിക്കുന്നത്. ഈ സാഹചര്യത്തിൽ പാർലമെന്റ് സമ്മേളനത്തിന് ഇടയിൽ പ്രവർത്തക സമിതി അംഗങ്ങളുടെ പ്രഖ്യാപനമുണ്ടായേക്കും.

 

Top