രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ വികാരം വെച്ച് കളിക്കുകയാണ് പ്രധാനമന്ത്രി: കോണ്‍ഗ്രസ്സ്

അഹമ്മദാബാദ്: പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. പ്രധാനമന്ത്രി രാഷ്ട്രീയ നേട്ടത്തിനായി ജനങ്ങളുടെ വികാരം വെച്ച് കളിക്കുകയാണെന്നും ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്നുമാണ് കോണ്‍ഗ്രസ് പറഞ്ഞത്. രാജ്യത്തെ സുപ്രധാന സ്ഥാപനങ്ങളെയെല്ലാം ബിജെപി ഭരണം നശിപ്പിക്കുകയാണെന്നും കോണ്‍ഗ്രസ്സ് കുറ്റപ്പെടുത്തി. അഹമ്മദാബാദില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തക സമിതി യോഗത്തിലാണ് അഭിപ്രായം ഉയര്‍ന്നത്.

ജനങ്ങളെ വിഡ്ഢിയാക്കാനും തെറ്റിദ്ധരിപ്പിക്കാനും ഒരിക്കല്‍ കൂടി മോദിയെ അനുവദിക്കില്ലെന്നും രാഹുല്‍ ഗാന്ധിയെ ഉദ്ധരിച്ച് കൊണ്ട് കോണ്‍ഗ്രസ്സ് വക്താവ് ആനന്ദ്ശര്‍മ്മ പറഞ്ഞു. നരേന്ദ്രമോദി ‘വിക്റ്റിം കര്‍ഡ്’ കളിക്കുകയാണെന്നും പക്ഷെ ഈ രാജ്യത്തെ ജനങ്ങളാണ് അദ്ദേഹത്തിന്റെ തെറ്റായ നയങ്ങളുടെ ഇരയെന്നും സോണിയാ ഗാന്ധി പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി.നിലവിലെ ഭരണത്തില്‍ വ്യാവസായിക വളര്‍ച്ച പതിയെയായെന്നും തൊഴിലില്ലായ്മ കൂടിയെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് കുറ്റപ്പെടുത്തി.

രാഹുല്‍ ഗാന്ധിയും യോഗത്തില്‍ സംബന്ധിച്ചു. ആര്‍എസ്എസ് ബിജെപി പ്രത്യയശാസ്ത്രത്തെ തോല്‍പിക്കാനുള്ള ഒരു ത്യാഗവും അധികമാവില്ലെന്ന് യോഗത്തില്‍ രാഹുല്‍ പറഞ്ഞു.

‘വിദ്വേഷം, വൈരാഗ്യം, ഭിന്നിപ്പിക്കല്‍, ഫാസിസം തുടങ്ങിയ ആര്‍എസ്എസ് – ബിജെപി പ്രത്യയശാസ്ത്രങ്ങളെ തോല്‍പിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം ദൃഢനിശ്ചയം ചെയ്യുകയാണ്. ഒരു ത്യാഗവും ഈ ലക്ഷ്യത്തല്‍ അധികമാവില്ല, ഒരു പരിശ്രമവവും ചെറുതാകില്ല, ഈ യുദ്ധം ജയിക്കുക തന്നെ ചെയ്യും’,രാഹുല്‍ ഗാന്ധി യോഗത്തിന് ശേഷം ട്വീറ്റ് ചെയ്തു.

Top