കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന്. മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ മൂന്ന് മണിക്കാണ് യോഗം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് രാജസ്ഥാന്‍, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ ഭരണം നഷ്ടമായിരുന്നു. മധ്യപ്രദേശിലും മിസോറാമിലും പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനും കോണ്‍ഗ്രസിന് സാധിച്ചില്ല. തെലങ്കാനയില്‍ ഭരണം നേടാന്‍ സാധിച്ചത് മാത്രമായിരുന്നു കോണ്‍ഗ്രസിന് നേട്ടമായത്. മധ്യപ്രദേശിലും രാജസ്ഥാനിലും പ്രതിപക്ഷ സഖ്യവുമായി സഹകരിക്കാത്തത് തിരിച്ചടിയായെന്ന് വിമര്‍ശനം നിലവിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആദ്യമായി നടക്കുന്ന പ്രവര്‍ത്തക സമിതിയോഗം നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വിശദമായി വിലയിരുത്തുമെന്നാണ് വിവരം.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി രാഹുല്‍ഗാന്ധിയുടെ നേത്യത്വത്തില്‍ രണ്ടാം ഭാരത് ജോഡോ യാത്ര നടത്തുന്നതും യോഗം ചര്‍ച്ച ചെയ്‌തേക്കും. തൊഴിലില്ലായ്മയും വിലക്കയറ്റവും ഉയര്‍ത്തി യാത്ര നടത്താനാണ് ആലോചന. കോണ്‍ഗ്രസ് നടത്തുന്ന ക്രൗഡ് ഫണ്ടിങ് സംബന്ധിച്ചും യോഗത്തില്‍ വിലയിരുത്തലുണ്ടാകും.

ലോക്‌സഭാ ഒരുക്കങ്ങളും ഇന്‍ഡ്യ മുന്നണിയുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട തിരഞ്ഞെടുപ്പ് സഖ്യം സീറ്റ് ധാരണ തുടങ്ങിയ വിഷയങ്ങളിലെ പ്രാഥമിക ധാരണയും പ്രവര്‍ത്തക സമിതി ചര്‍ച്ച ചെയ്‌തേക്കും. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചേര്‍ന്ന ഇന്‍ഡ്യ മുന്നണി യോഗം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പേര് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് വന്നിരുന്നു. ആര്‍ജെഡിയും ജെഡിയുവും ഈനീക്കത്തിലുള്ള അതൃപ്തി വ്യക്തമാക്കിയ സാഹചര്യത്തില്‍ പ്രധാനമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് സ്വീകരിക്കേണ്ട നിലപാട് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Top