ബിജെപി നേതാവിന് സമ്മാനപ്പൊതികളുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; കാരണം ഇതാണ്

ന്യൂഡല്‍ഹി: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന് സമ്മാനങ്ങള്‍ അയച്ചു നല്‍കാനുള്ള തിരക്കിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. എന്തിനാണ് ഒരു ബിജെപി നേതാവിന് കോണ്‍ഗ്രസ് കാര്‍ ഇങ്ങനെ സമ്മാനം നല്‍കുന്നു എന്നതായിരിക്കും ഇപ്പോള്‍ എല്ലാവരും ചിന്തിക്കുന്നത്.

ഒരു രാഷ്ട്രീയ സന്ദേശമെന്ന നിലയിലാണ് കോണ്‍ഗ്രസുകര്‍ ചൗഹാന് ബദാമും ച്യവനപ്രാശവും കണ്ണിലൊഴിക്കാനുള്ള മരുന്നുമൊക്കെ സമ്മാനമായി അയച്ചു കൊടുക്കുന്നത്. മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനെയും നയങ്ങളെയും കുറിച്ച് ശിവരാജ് സിങ് ചൗഹാന്‍ നുണകള്‍ പറഞ്ഞു പരത്തുകയാണെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആരോപണം. ‘ചൗഹാനെ സുഖപ്പെടുത്താനാണ് ഞങ്ങള്‍ ഇവ അയച്ചുകൊടുക്കുന്നത് എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.

അതേസമയം അയച്ചുകിട്ടിയ പൊതികളൊന്നും തുറന്നിട്ടില്ലെന്ന് ശിവരാജ് സിങ് ചൗഹാന്‍ പ്രതികരിച്ചു. താനല്ല, കോണ്‍ഗ്രസ് നേതാക്കളാണ് ബദാം കഴിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പതഞ്ജലിയുടെ ച്യവനപ്രാശമാണ് അവര്‍(കോണ്‍ഗ്രസ്) എനിക്ക് അയക്കുന്നത്. ബാബാ രാംദേവില്‍ അവര്‍ക്കുള്ള വിശ്വാസമാണ് ഇത് കാണിക്കുന്നത്. ഞാന്‍ അത് തുറന്നിട്ടില്ല. അവരെ കഴിപ്പിച്ചോളാം- ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

Top