മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍ കെ ധവാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.കെ.ധവാന്‍ (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ന്യൂഡല്‍ഹിയിലെ ബിഎസ് കാപുര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം തിങ്കളാഴ്ച വൈകിട്ടാണ് അന്തരിച്ചത്.

മുന്‍ രാജ്യസഭാ എംപിയായ ധവാന്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായാണ് അറിയപ്പെട്ടത്. 1962-ല്‍ ഇന്ദിരാ ഗാന്ധിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1984ല്‍ ഇന്ദിരാ ഗാന്ധി വധിക്കപ്പെടുന്നതുവരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. 1975-77 കാലത്ത് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോഴും ധവാന്‍ പ്രധാനമന്ത്രിക്കൊപ്പം തുടര്‍ന്നു.

ധവാന്റെ മരണത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും മുന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയും അനുശോചിച്ചു.

Top