ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എസ്ഡിപിഐയും ആര്‍എസ്എസും: കോടിയേരി

Kodiyeri Balakrishanan

തിരുവനന്തപുരം: ചാവക്കാട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് വെട്ടേറ്റു മരിച്ച സംഭവം പ്രതിഷേധാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മഹാരാജാസില്‍ അഭിമന്യുവിനെ കൊന്ന സംഘം കത്തി താഴെവച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എസ്ഡിപിഐയും ആര്‍എസ്എസുമെന്നും കോടിയേരി തുറന്നടിച്ചു.

പുതുവീട്ടില്‍ നൗഷാദിന്റെ കൊലപാതകത്തിനു ഉത്തരവാദികളായഎസ്.ഡി.പി.ഐ-പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് വിവിധ നേതാക്കളും രംഗത്തെത്തിയിരുന്നു.

ഉറച്ച മതേതര നിലപാടുകള്‍ സ്വീകരിച്ചതിന്റെ പേരിലാണ് നൗഷാദ് കൊല്ലപ്പെട്ടതെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ ആരോപിച്ചു.
വര്‍ഗ്ഗിയതക്കെതിരെ ശക്തമായി നിലപാടുകള്‍ സ്വികരിച്ച, പ്രദേശത്തെ സാമൂഹ്യ-ജിവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെട്ടിരുന്ന ചാവക്കാട്ടെ പുന്നയിലിനെ നൗഷാദിനെ എസ്.ഡി.പിഐക്കാര്‍ കൊന്നതും അതുകൊണ്ട് തന്നെയാണെന്നും ഷാഫിപറമ്പില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നൗഷാദിന്റെ കൊലപാതകത്തിനു പിന്നില്‍ എസ്ഡിപിഐയുടെ കൈകളാണെന്ന് ഡീന്‍ കുര്യാക്കോസ് എംപിയും ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. ജോസഫ് മാഷിന്റെ കൈവെട്ടിയ, അഭിമന്യുവിന്റെ ജീവനെടുത്ത അതേ തീവ്രവാദികള്‍ തന്നെയാണ് ഈ ദാരുണമായ കൊലപാതകത്തിന് പിന്നിലും എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. എതിര്‍ത്ത് നില്‍ക്കുന്നവനെ പറിച്ചെറിയുക എന്ന എസ്.ഡി.പി.ഐ തീവ്രവാദികളുടെ നെറികെട്ട രാഷ്ട്രീയത്തിനെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊണ്ടേ മതിയാകൂ എന്നും അദ്ദേഹം ഫേയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ്സ് നേതാവിനെ വെട്ടിക്കൊന്നിട്ടും കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയുന്നില്ലെന്ന് സിപിഎം നേതാവ് എ.എ റഹിം ഫേയ്സ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ട് യുഡിഎഫിന്റെ സഖ്യ കക്ഷിയായതിനാലാണ് തള്ളിപ്പറയാന്‍ സാധിക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ലീഗ് പ്രവര്‍ത്തകനെ കൊന്ന പോപ്പുലര്‍ ഫ്രണ്ടിനെ തള്ളിപ്പറയാതെ കൊല്ലപ്പെട്ട സ്വന്തം പ്രവര്‍ത്തകനെ തള്ളിപ്പറയുകയായിരുന്നു ലീഗ് നേതൃത്വം. ഒളിച്ചു കളി അവസാനിപ്പിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ടിനെ ഘടക കക്ഷിയായി ഔദ്യോഗികമായി പരസ്യപ്പെടുത്താന്‍ ഇനിയെങ്കിലും യുഡിഎഫ് നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Top