ഇന്ത്യയുടെ ‘തലവെട്ടി’ വീണ്ടും പുലിവാല് പിടിച്ച് കോണ്‍ഗ്രസ് ട്വീറ്റ്; ഇക്കുറി പണിപറ്റിച്ചത് മഹിളാ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് ഇന്ത്യയുടെ ഭൂപടം ചിത്രമായി ഉപയോഗിക്കുമ്പോഴെല്ലാം പുലിവാലാണ്. ഏതാനും ദിവസം മുന്‍പ് എംപി ശശി തരൂരിന് പറ്റിയ അതേ അബദ്ധം ഇക്കുറി തിരിച്ചടിയായത് ഓള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസാണ്. വനിതാ വിഭാഗത്തിന്റെ പോസ്റ്റിന് രോഷം ഏറ്റുവാങ്ങുന്നത് കോണ്‍ഗ്രസാണ്. മഹിളാ കോണ്‍ഗ്രസ് പങ്കുവെച്ച പോസ്റ്റില്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ജമ്മു കശ്മീരും, ലഡാക്കും ഇല്ലാതെ പോയതാണ് പണിയായത്.

തിരിച്ചടി കിട്ടിയതോടെ മഹിളാ കോണ്‍ഗ്രസ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍ സ്‌ക്രീന്‍ ഷോട്ടുകളുമായി നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഇതിന്റെ കാരണം തേടി. ഭേദഗതി ചെയ്ത പൗരത്വ നിയമം സംബന്ധിച്ചുള്ള പ്രതിഷേധത്തിനിടെ ഉത്തര്‍പ്രദേശില്‍ അതിക്രമങ്ങളും പോലീസ് നടപടിയും ഉണ്ടായിരുന്നു. ഇതില്‍ യുപി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ഹിന്ദി കവിത കൂടി ഉള്‍പ്പെടുത്തിയതായിരുന്നു പോസ്റ്റ്.

മൂക്കുള്ള ഇന്ത്യയുടെ ഭൂപടം പിടിച്ച് നില്‍ക്കുന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാര്‍ട്ടൂണും ഇതിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ കേന്ദ്ര ഭരണപ്രദേശങ്ങളായ ജമ്മു കശ്മീരും, ലഡാക്കും കാണാതെ പോയി. ശശി തരൂരാണ് സമാനമായ ഭൂപടം പോസ്റ്റ് ചെയ്ത് മുന്‍പ് വിവാദത്തില്‍ പെട്ടത്. കോണ്‍ഗ്രസ് സംഘടിപ്പിച്ച റാലിയിലേക്ക് ആളുകളെ ക്ഷണിച്ചായിരുന്നു വികലമായ ഭൂപടം കാണിച്ചത്.

ട്രോളുകള്‍ തുടങ്ങിയതോടെ തരൂര്‍ ട്വീറ്റ് പിന്‍വലിച്ച് വിശദീകരണം പങ്കുവെച്ചു. ഇതിന് പിന്നാലെ ദേശീയ മഹിളാ കോണ്‍ഗ്രസും സമാനമായ തെറ്റ് കാണിച്ചതിന്റെ വിമര്‍ശനം കോണ്‍ഗ്രസാണ് ഏറ്റുവാങ്ങുന്നത്.

Top