രാജ്യത്തെ വിഭജിക്കാൻ ഏത് നാണം കെട്ട കളിയും കോൺഗ്രസ് കളിക്കുമെന്ന് പ്രധാനമന്ത്രി. ഇന്ത്യയെ വിഭജിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും നരേന്ദ്ര മോദി പറഞ്ഞു. ജനങ്ങളെ കൊള്ളയടിക്കുക ആണ് കോൺഗ്രസിൻ്റെ ലക്ഷ്യം. അധികാരം നേടാൻ കോൺഗ്രസ് ഏതറ്റം വരെയും പോകും എന്നും കർണാടകയിൽ റാലിയിൽ സംസാരിക്കവേ മോദി പറഞ്ഞു.
കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിൻ്റെ സഹോദനും എം പിയുമായ ഡി കെ സുരേഷിൻ്റെ പരാമർശം ചൂണ്ടിക്കാണിച്ചായിരുന്നു മോദിയുടെ പ്രതികരണം. ‘ജാതിയുടെയും സമുദായത്തിൻ്റെയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. അധികാരം നേടാനാണ് അവർ ഇത് ചെയ്യുന്നത്. ജനങ്ങളെ മതത്തിൻ്റെയും പ്രദേശത്തിൻ്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ വിഭജിച്ചു’ എന്നായിരുന്നു കർണാടകയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ നരേന്ദ്രമോദിയുടെ പ്രതികരണം.
ഹിന്ദു ശക്തിയെ ഉന്മൂലനം ചെയ്യണമെന്നാണ് ഇന്ത്യാ സഖ്യത്തിൻ്റെ പ്രഖ്യാപനം. ഭാരത് മാതാവിന്റെ വർദ്ധിച്ചുവരുന്ന ശക്തിയെ സഖ്യം വെറുക്കുന്നു. ജാതിയുടെയും സമുദായത്തിൻ്റേയും അടിസ്ഥാനത്തിൽ രാജ്യത്തെ വിഭജിക്കാൻ കോൺഗ്രസ് വളരെ അധികം കഷ്ടപ്പെടുന്നുവെന്നും നരേന്ദ്ര മോദി റാലിയിൽ സംസാരിക്കവെ പറഞ്ഞു.
നികുതി വിഹിതത്തിലെ വേർതിരിവ് ചൂണ്ടിക്കാണിച്ച് നേരത്തെ കേന്ദ്രത്തിനെതിരെ ഡി കെ സുരേഷ് രൂക്ഷ വിമർശനം ഉയർത്തിയിരുന്നു. സാമ്പത്തികമായി അനീതി കാണിച്ചാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രത്യേക രാജ്യം ആവശ്യപ്പെടേണ്ടി വരുമെന്നായിരുന്നു കോൺഗ്രസ് എം പിയുടെ പ്രതികരണം. കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാറുകൾക്ക് നികുതി വിഹിതം നൽകുന്നതിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സുരേഷിൻ്റെ വിമർശനം.