മുംബൈയില്‍ കോണ്‍ഗ്രസ് വന്‍ പരാജയം നേരിടും: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം

Sanjay Nirupam

മുംബൈ: മുംബൈയില്‍ കോണ്‍ഗ്രസ് മൂന്ന് നാല് സീറ്റുകളൊഴികെ മറ്റെല്ലാ സീറ്റുകളിലും പരാജയപ്പെടുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സഞ്ജയ് നിരുപം. രാഹുല്‍ ഗാന്ധിയോട് അടുപ്പമുള്ള നേതാക്കളെ പുറത്താക്കാന്‍ കോണ്‍ഗ്രസില്‍ നീക്കം നടക്കുന്നതായും സഞ്ജയ് നിരുപം ആരോപിച്ചു.

”സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്ന രീതി വെച്ച് നോക്കിയാല്‍ നിങ്ങള്‍ക്ക് മൂന്നോ നാലോ സീറ്റുകളില്‍ പ്രതീക്ഷ വെക്കാം. മറ്റ് സീറ്റുകളില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോലും നഷ്ടപ്പെടും”- സഞ്ജയ് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി പ്രചാരണത്തിനിറങ്ങില്ലെന്ന നിലപാട് സഞ്ജയ് നിരുപം മാധ്യമപ്രവര്‍ത്തകരോടും ആവര്‍ത്തിച്ചു. ഇനി തിരഞ്ഞെടുപ്പ് ഫലം വരുന്ന ഒക്ടോബര്‍ 24 ന് മാത്രമേ താന്‍ മാധ്യമപ്രവര്‍ത്തകരെ കാണുകയുള്ളുവെന്നും സഞ്ജയ് പറഞ്ഞു. സ്ഥാനാര്‍ഥികളെ പരിഗണിക്കുമ്പോള്‍ താഴേക്കിടയിലെ പ്രവര്‍ത്തകരുടെ അഭിപ്രായത്തിന് കോണ്‍ഗ്രസ് ഒരു പരിഗണനയും നല്‍കുന്നില്ല.

ഡല്‍ഹിയിലുള്ളവര്‍ സത്യം തിരിച്ചറിയുന്നില്ല. ചിന്തിക്കാതെ എടുക്കുന്ന ഇത്തരം തീരുമാനങ്ങളെ താന്‍ തള്ളിപ്പറയുകയാണ്. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനില്ലെന്ന് താന്‍ പറഞ്ഞത്. കഴിവുറ്റ നാല് നേതാക്കളെയാണ് സ്ഥാനാര്‍ഥികളായി ചുമതലക്കാരനായ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയ്ക്ക് മുന്നില്‍ താന്‍ സമര്‍പ്പിച്ചത്. അവരോട് സംസാരിക്കാന്‍ പോലും തയ്യാറാവാതിരുന്ന ഖാര്‍ഗെ നാല് പേരുകളും പരിഗണിച്ചില്ല.

മറ്റേത് നേതാക്കളെക്കാളും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിനെ അറിയുന്ന ആളാണ് താന്‍. എന്നാല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുന്നതില്‍ തന്നെ പരിഗണിച്ചില്ല. ഈ സ്ഥിതി തുടരുകയാണെങ്കില്‍ കോണ്‍ഗ്രസ് വിടുന്നതിനെ കുറിച്ച് ആലോചിക്കേണ്ടി വരുമെന്നും സഞ്ജയ് പറഞ്ഞു.

Top