പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നേരത്തെ തീരുമാനിച്ച പ്രകാരം കോഴിക്കോട് നടത്തുമെന്ന് കോണ്‍ഗ്രസ്

കോഴിക്കോട്: കോണ്‍ഗ്രസിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തുമെന്ന് കോണ്‍ഗ്രസ്. നേരത്തെ തീരുമാനിച്ച പ്രകാരം ഈ മാസം 23ന് തന്നെ കോഴിക്കോട് കടപ്പുറത്ത് റാലി നടത്തുമെന്ന് എം.കെ രാഘവന്‍ എം.പി. റാലിയില്‍ ശശി തരൂര്‍ പങ്കെടുക്കുമെന്നും എം.കെ രാഘവന്‍ പറഞ്ഞു. റാലിക്ക് അനുമതി നല്‍കില്ലെന്നാണ് കലക്ടര്‍ അറിയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

നവകേരള സദസിന് വേദിയൊരുക്കാനാണ് കോണ്‍ഗ്രസ് റാലിക്ക് അനുമതി നിഷേധിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ പറഞ്ഞു. ഫലസ്തീന്‍ വിഷയത്തില്‍ സി.പി.എമ്മിന്റെ ഇരട്ടത്താപ്പാണ് ഇതിലൂടെ വ്യക്തമായത്. ആദ്യം അംഗീകരിച്ച ശേഷമാണ് അനുമതി നിഷേധിച്ചത്. ഫലസ്തീന്‍ വിഷയത്തില്‍ സി.പി.എമ്മിന് കാപട്യമാണെന്നും അദ്ദേഹം.

മുസ്ലിം ലീഗിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ശശി തരൂര്‍ ഹമാസിനെതിരെ നടത്തിയ പരാമര്‍ശം വലിയ വിവാദമായിരുന്നു. ഇതോടെ കോണ്‍ഗ്രസ് റാലിയില്‍ അദ്ദേഹമുണ്ടാവുമോ എന്നത് ചര്‍ച്ചയായിരുന്നു. ഇത് തള്ളിക്കൊണ്ടാണ് തരൂര്‍ പങ്കെടുക്കുമെന്ന് എം.കെ രാഘവന്‍ വ്യക്തമാക്കിയത്. തരൂരിന്റെ പ്രസ്താവനയില്‍ നിലപാട് പറയേണ്ടത് കെ.പി.സി.സി പ്രസിഡന്റാണെന്നും രാഘവന്‍ പറഞ്ഞു.

Top