സര്‍ക്കാരിനെക്കൊണ്ട് കണക്ക് പറയിക്കുമെന്ന്; കൊവിഡ് മരണ കണക്കെടുപ്പിന് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിച്ചു മരിച്ചവരുടെ യഥാര്‍ഥ കണക്കെടുപ്പിന് സ്വതന്ത്ര ഏജന്‍സിയെ ചുമതലപ്പെടുത്താനൊരുങ്ങി കെപിസിസി. മണ്ഡലം കമ്മിറ്റികളും സമാന്തരമായി കണക്കു ശേഖരിക്കും. കൊവിഡ് പ്രതിരോധത്തിലൂടെ ഭരണത്തുടര്‍ച്ച നേടിയ സിപിഎമ്മിനെ മൂടിവെച്ച കൊവിഡ് മരണങ്ങളുടെ പേരില്‍ പ്രതിരോധത്തിലാക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ കണക്കെടുപ്പ് നടത്തുമെങ്കിലും ആധികാരികത ഉറപ്പാക്കാനാണ് സ്വതന്ത്ര ഏജന്‍സിയെ വയ്ക്കുന്നതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ വ്യക്തമാക്കി.

ഈ മേഖലയില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഏജന്‍സിയെയാണ് ദൗത്യം ഏല്‍പ്പിക്കുക. ഇക്കാര്യത്തില്‍ സര്‍ക്കാരിനെതിരെ നിയമപ്പോരാട്ടം നടത്തുന്നതിനടക്കം ഇത് ഉപകരിക്കുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഐസിഎംആര്‍ മാനദണ്ഡങ്ങളുടെയും സുപ്രീംകോടതി നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും കണക്കെടുപ്പ്. മണ്ഡലം കമ്മിറ്റികള്‍ യഥാര്‍ത്ഥ കണക്ക് ശേഖരിക്കാന്‍ ഓരോ വീട്ടിലേക്കുമെത്തുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്. ഇതിലൂടെ താഴെത്തട്ടിലെ സംഘടനയും ബലപ്പെടുമെന്ന് നേതൃത്വം കരുതുന്നു. രണ്ടു കണക്കെടുപ്പുകള്‍ക്കും സമയപരിധിയും നിശ്ചയിക്കും. ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമായി പതിനായിരത്തിലേറെ കൊവിഡ് മരണം സര്‍ക്കാര്‍ മൂടിവെച്ചെന്നാണ് ആരോപണം. ഇത് വ്യക്തമാക്കുന്ന വിവരാവകാശ രേഖകളും കോണ്‍ഗ്രസ് പുറത്തു കൊണ്ടുവന്നിരുന്നു. സുപ്രീംകോടതി നിര്‍ദേശപ്രകാരം കൊവിഡ് മരണത്തിന് നഷ്ടപരിഹാരം വരുന്ന സാഹചര്യത്തില്‍ വിഷയം സര്‍ക്കാരിനെ ആളിക്കത്തിക്കാന്‍ യുഡിഎഫില്‍ തീരുമാനിച്ചിട്ടുണ്ട്.

നേരത്തെ, കൊവിഡ് മരണത്തില്‍ നഷ്ടപരിഹാരം നല്‍കുന്നതിന് മാര്‍ഗരേഖ പുതുക്കി നിശ്ചയിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് സമഗ്ര മരണ പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയില്‍ മാറ്റം ഉണ്ടാകുമെന്നും ഇതിന് ആരോഗ്യവകുപ്പ് തന്നെ മുന്‍കൈ എടുക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടെന്നും എല്ലാവരും കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും 50000 രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചിരുന്നു. മാത്രവുമല്ല കൊവിഡ് സ്ഥീരീകരിച്ച് 30 ദിവസത്തിനകം മരിച്ചാല്‍ അത് കൊവിഡ് മരണമായി കണക്കാക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് കേരളത്തിന് മരണ പട്ടിക പുതുക്കേണ്ടി വരുന്നത്.

Top