അമിത് ഷായുടെ മകന്റെ സ്വത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധന

ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷായുടെ ഉമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങ് വര്‍ധനവുണ്ടായി റിപ്പോര്‍ട്ട്.

ഇത് സംബന്ധിച്ച മാധ്യമ റിപ്പോര്‍ട്ടിനെച്ചൊല്ലി ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ കടുത്ത വാക്പോരും ആരംഭിച്ചു. ജയ് ഷായുടെ സ്വത്തിലുണ്ടായ ‘അസ്വാഭാവിക’ വളര്‍ച്ചയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി.

അതേസമയം ആരോപണങ്ങള്‍ ബിജെപിയും ജയ് ഷായും നിഷേധിച്ചു. തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച സ്ഥാപനത്തിനെതിരെ 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസും ഫയല്‍ ചെയ്തു. ഓണ്‍ലൈന്‍ മാധ്യമസ്ഥാപനമായ ‘ദ് വയ്ര്‍’ ആണ് ജയ് ഷായുടെ ഉടമസ്ഥതയിലുള്ള ‘ടെംപിള്‍ എന്റര്‍പ്രസൈസ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കമ്പനിയുടെ വരുമാനത്തില്‍ ഒരു വര്‍ഷത്തിനിടെ 16,000 മടങ്ങു വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തത്.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ ഈ കമ്പനിയുടെ വരുമാനം വെറും 50,000 രൂപ മാത്രമായിരുന്നു. എന്നാല്‍, 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 80.5 കോടി രൂപയായി ഉയര്‍ന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് പ്രത്യേക സമ്മേളനം വിളിച്ചാണ് കോണ്‍ഗ്രസ് സിബിഐ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചത്. അമിത് ഷായുടെ മകനെതിരെ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെടാന്‍ പ്രധാനമന്ത്രിക്കു ധൈര്യമുണ്ടോയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചോദിച്ചു.

അതേസമയം, നീണ്ട കാത്തിരിപ്പിനൊടുവില്‍ നോട്ട് അസാധുവാക്കലിന്റെ ഗുണഭോക്താവിനെ കണ്ടെത്തിയെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. അത് റിസര്‍വ് ബാങ്കോ സാധാരണക്കാരായ കര്‍ഷകരോ അല്ല. അമിത് ഷായുടെ മകനാണെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.

അമിത് ഷായുടെ മകനെതിരെ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ആംആദ്മി പാര്‍ട്ടിയും രംഗത്തെത്തി. സംഭവത്തില്‍ അമിത് ഷായെയും ചോദ്യം ചെയ്യണമെന്ന് എഎപി ആവശ്യപ്പെട്ടു. അതേസമയം, പാര്‍ട്ടി ദേശീയ അധ്യക്ഷന്റെ മകനെതിരെ ഉയര്‍ന്ന ആരോപണം കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ തള്ളിക്കളഞ്ഞു. ഡല്‍ഹിയില്‍ പ്രത്യേക പത്രസമ്മേളനം വിളിച്ചാണ് മന്ത്രി ആരോപണങ്ങള്‍ തള്ളിയത്. കമ്പനിക്കെതിരെയുള്ള ആരോപണങ്ങള്‍ തള്ളി ജയ് ഷായും പ്രസ്താവന ഇറക്കിയിട്ടുണ്ട്.

ജയ് ഷായുമായി ബന്ധമുള്ള കമ്പനികള്‍ക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലഭിച്ച വായ്പകളുടെ വിശദാംശങ്ങളും ദ് വയ്ര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റജിസ്ട്രാര്‍ ഓഫ് കമ്പനീസിന് ജയ് ഷാ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ഇത്. റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ രേഖയനുസരിച്ച് കാര്‍ഷിക ഉല്‍പന്നങ്ങളുടെ മൊത്തവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ‘ടെംപിള്‍ എന്റര്‍പ്രൈസസ്’.

രാജേഷ് ഖാണ്ഡ്വാല എന്നയാളുടെ ഉടമസ്ഥതയിലുള്ള ധനകാര്യ സ്ഥാപനത്തില്‍നിന്ന് ജയ് ഷായുടെ കമ്പനിക്ക് 15.78 കോടി രൂപയുടെ ‘അനധികൃത വായ്പ’ ലഭിച്ച അതേ വര്‍ഷമാണ് കമ്പനി അസ്വാഭാവിക വരുമാനം നേടിയതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ബിജെപി പിന്തുണയുള്ള രാജ്യസഭാ എംപിയും റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ സീനിയര്‍ എക്‌സിക്യൂട്ടീവുമായ പരിമാള്‍ നാഥ്വാനിയുടെ ബന്ധുവാണ് രാജേഷ് ഖാണ്ഡ്വാല.

വെറും ഏഴു കോടി മാത്രം വരുമാനമുള്ള സമയത്താണ് ഖാണ്ഡ്വാലയുടെ ധനകാര്യ സ്ഥാപനമായ കിഫ്‌സ് (കെഐഎഫ്എസ്) ടെംപിള്‍ എന്റര്‍പ്രൈസസിന് 15.78 കോടി രൂപ വായ്പ നല്‍കിയത്. ടെംപിള്‍ എന്റര്‍പ്രസൈസ് സമര്‍പ്പിച്ച രേഖകളെക്കുറിച്ച് കിഫ്‌സിന്റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെങ്കിലും, ജയ് ഷായുടെ കമ്പനിക്കു നല്‍കിയ വായ്പയെക്കുറിച്ച് മിണ്ടാട്ടമില്ല.

റജിസ്ട്രാര്‍ ഓഫ് കമ്പനീസിനു നല്‍കിയ രേഖകളുമായി ബന്ധപ്പെട്ട് ‘ദ് വയ്ര്‍’ ജയ് ഷായുടെ അഭിഭാഷകനോട് ചില ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും, സമര്‍പ്പിച്ച രേഖകളുമായി ബന്ധപ്പെട്ട് കാര്യമായ പ്രതികരണങ്ങള്‍ക്ക് അദ്ദേഹം തയാറായില്ല. തന്നെ അനാവശ്യ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ‘ദ് വയ്ര്‍’ നല്‍കിയ ചോദ്യാവലിയെന്നാണ് ജയ് ഷായുടെ അഭിഭാഷകന്‍ മനിക് ദോഗ്ര നല്‍കിയ മറുപടി. ഇതേക്കുറിച്ച് ജയ് ഷായോടും കിഫ്‌സ് മേധാവി രാജേഷ് ഖാണ്ഡ്വാലെയോടും ചോദ്യമുന്നയിച്ചെങ്കിലും ഇരുവരും പ്രതികരിച്ചില്ല.

റജിസ്ട്രാര്‍ക്കു സമര്‍പ്പിച്ച രേഖകളനുസരിച്ച് വിവിധ കാര്‍ഷിക ഉല്‍പന്നങ്ങളുടെ വില്‍പനയിലൂടെയാണ് കമ്പനി ഇത്രവലിയ വരുമാന വര്‍ധന സാധ്യമാക്കിയത്. 80.5 കോടി രൂപയുടെ വരുമാനം ലഭിച്ചതില്‍ 51 കോടിയും വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ നേടിയതാണ്. തൊട്ടുമുന്‍പുള്ള വര്‍ഷം കയറ്റുമതി ഉണ്ടായിരുന്നില്ല. എന്നാല്‍, 2016 ഒക്ടോബറില്‍ ടെംപിള്‍ ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തനം നിര്‍ത്തിവച്ചുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കമ്പനിക്ക് നഷ്ടം സംഭവിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

Top