തൃത്താല മഹാരാജാവിന്റെ വിളംബരത്തിന് നന്ദി…ബല്‍റാമിന് മറുപടിയുമായി എ.എ റഹീം

തിരുവനന്തപുരം: പുതിയ തസ്തികകള്‍ സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ സഹോദരി ഉള്‍പ്പെടെയുള്ളവര്‍ക്ക് സ്ഥിര നിയമനം നല്‍കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചുവെന്ന കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന്റെ ആരോപണത്തിന് മറുപടിയുമായി എ.എ റഹീം.

തൃത്താല മഹാരാജാവിന്റെ വിളംബരത്തിന് നന്ദി. . . എന്ന് പരിഹസിച്ചു കൊണ്ട് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാമിന് റഹീം മറുപടി നല്‍കിയിരിക്കുന്നത്.

ഇങ്ങനൊരു ജോലി സ്ഥിരപ്പെട്ടത് സഹോദരി പറഞ്ഞിട്ടില്ലെന്നും എന്തോ അനര്‍ഹമായത് പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നുവെന്ന് തൃത്താലയില്‍ നിന്ന് വിളംബരം വന്നിരിക്കുന്നുവെന്നും പരിഹാസരൂപേണ റഹീം മറുപടി നല്‍കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

തൃത്താല മഹാരാജാവിന്റെ
വിളംബരത്തിന് നന്ദി.

എന്റെ സഹോദരിയ്ക്ക് ജോലി സ്ഥിരപ്പെടുത്തിപ്പോലും…
ഏതായാലും സഹോദരി എന്നോട് പറഞ്ഞില്ല.
എന്തോ അനര്‍ഹമായത് ഞാന്‍ ഇടപെട്ട് എന്റെ പെങ്ങള്‍ക്ക് നേടിക്കൊടുക്കാന്‍ പോകുന്നു എന്ന് തൃത്താലയില്‍ നിന്നും ഒരു വിളംബരം വന്നിരിക്കുന്നു. രാജാവിന്റെ കൂലിക്കാര്‍ വാട്‌സാപ്പ് വഴി ഓവര്‍ടൈം പണിയെടുത്തു ടി വിളംബരം നാട്ടാരെ അറിയിക്കാന്‍ നന്നായി
പണിയെടുക്കുന്നുമുണ്ട്.
കാര്യങ്ങള്‍ നന്നായി നടക്കട്ടെ.

പിന്നെ,
‘വര്‍ഗീയത വേണ്ട, ജോലി മതി’ എന്ന മുദ്രാവാക്യത്തോട് താങ്കള്‍ക്ക് തോന്നുന്ന അലര്‍ജി എനിക്ക് മനസ്സിലാക്കാനാകും. കാരണം ഇത് കേന്ദ്രസര്‍ക്കാരിനെതിരായ മുദ്രാവാക്യമാണല്ലോ.

വര്‍ഗീയതയ്ക്കെതിരെ ആരെന്ത് പറഞ്ഞാലും മഹാരാജാവിന് അനിഷ്ടമാകുമെന്നും അറിയാം.

മരണപ്പെട്ടവരും ജീവിച്ചിരിക്കുന്നവരും ആയ എല്ലാ മനുഷ്യരെയും കല്ലെറിഞ്ഞും പുലഭ്യം പറഞ്ഞും ആത്മരതി കൊള്ളുന്ന മഹാ തിരുമനസ്സേ അങ്ങയുടെ ആത്മരതി തുടര്‍ന്നാലും….

Top