പാര്‍ലമെന്റ് സ്തംഭിപ്പിക്കാന്‍ നീക്കം, സോണിയ നേതാക്കളുടെ യോഗം വിളിച്ചു

ന്യൂഡല്‍ഹി: മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിച്ച ഉന്നാവ്, ത്രിപുര സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തു. ഡല്‍ഹിയിലെ വസതിയിലാണ് യോഗം ചേരുന്നത്. ഉന്നാവ്, ത്രിപുര വിഷയങ്ങള്‍ ഉയര്‍ത്തി പാര്‍ലമെന്റ് സ്തംഭിപ്പിക്കാനുള്ള തീരുമാനത്തിനു മുന്നോടിയായാണ് ഈ യോഗമെന്നാണ് റിപ്പോര്‍ട്ട്.

രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഇല്ലാതാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകളും പരാജയപ്പെടുന്നുവെന്നത് ഉയര്‍ത്തിയാണ് പ്രതിപക്ഷം പ്രതിഷേധത്തിനൊരുങ്ങുന്നത്. ഉന്നാവ് സംഭവത്തില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ത്രിപുരയിലെ അക്രമത്തിലും നോട്ടീസ് നല്കും.

ഉന്നാവ് വിഷയം ഉയര്‍ത്തി ശക്തമായ പ്രതിഷേധത്തിന് നേരത്തെ കോണ്‍ഗ്രസ് തീരുമാനമെടുത്തിരുന്നു. ഇതിന് ശേഷമാണ് ത്രിപുരയില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ കാമുകനും അയാളുടെ അമ്മയും തേര്‍ന്ന് തീകൊളുത്തിക്കൊന്ന സംഭവം പുറത്തു വരുന്നത്.

Top