തലവര മാറാൻ ഡൽഹിയിലെ ‘മാറ്റം’ കൊണ്ട് കാര്യമില്ല, അടിമുടി മാറണം

ത്ര തിരിച്ചടി കിട്ടിയാലും പഠിക്കാത്ത ഒരു പാര്‍ട്ടി ഉണ്ടെങ്കില്‍ അത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സാണ്. പ്രാണവായുവിന് വേണ്ടി പിടയുമ്പോഴും നേതാക്കളുടെ നോട്ടം അധികാര കസേരയില്‍ മാത്രമാണ്. ഇക്കാര്യത്തില്‍ ആ പാര്‍ട്ടിയുടെ സകല നേതാക്കളും കണക്കാണ്. സാക്ഷാല്‍ എ.കെ ആന്റണിയെ വരെ നയിക്കുന്നതും ഈ അധികാരമോഹമാണ്. കേരളത്തില്‍ തമ്പടിച്ച് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനാണ് ആന്റണിയുടെ പുതിയ തീരുമാനം. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരും കൂടുതല്‍ സമയവും കേരളത്തിലാണ് ചിലവിടാന്‍ പോകുന്നത്. ഏത് വിധേയനേയും ഭരണം തിരിച്ചു പിടിക്കുക എന്നതാണ് കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം.

 

തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന സംസ്ഥാനങ്ങളില്‍ ഭരണത്തില്‍ എത്താന്‍ കഴിയുമെന്ന് കോണ്‍ഗ്രസ്സ് പ്രതീക്ഷിക്കുന്ന ഏക സംസ്ഥാനവും കേരളമാണ്. തമിഴകത്ത് ഡി.എം.കെ മുന്നണിയില്‍ ഇടതുപക്ഷവും ഉള്ളതിനാല്‍ കോണ്‍ഗ്രസ്സിന് മാത്രമായി ഒരിക്കലും അവകാശവാദം ഉയര്‍ത്താന്‍ കഴിയുകയില്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ 20-ല്‍ 19 സീറ്റിലും വിജയിച്ച യു.ഡി.എഫിനെ കേരളം കൈവിട്ടാല്‍ അത് ദേശീയ തലത്തില്‍ വലിയ തിരിച്ചടിയാണ് കോണ്‍ഗ്രസ്സിനുണ്ടാക്കുക. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി നല്‍കിയ മുന്നറിയിപ്പ് മുഖവിലക്കെടുക്കാത്തവര്‍ വീണ്ടും വന്‍ തിരിച്ചടിയാണ് ചോദിച്ച് വാങ്ങാന്‍ പോകുന്നത്. പ്രാദേശിക വിഷയങ്ങള്‍ക്കും അപ്പുറം സംസ്ഥാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത തിരഞ്ഞെടുപ്പാണ് നിലവില്‍ കഴിഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും മുതല്‍ സ്പീക്കറെ വരെ പ്രതിക്കൂട്ടിലാക്കിയാണ് യു.ഡി.എഫ് വോട്ട് തേടിയിരുന്നത്. കേന്ദ്ര ഏജന്‍സികളുടെ നീക്കങ്ങള്‍ ആഘോഷമാക്കാന്‍ ബി.ജെ.പിയുമായി മത്സരിച്ചതും കോണ്‍ഗ്രസ്സാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വെല്‍ഫയര്‍ പാര്‍ട്ടിയുമായി ലീഗ് നേതൃത്വത്തില്‍ പരസ്യ സഖ്യവുമുണ്ടാക്കി. എന്നാല്‍, സകല അപവാദ പ്രചരണങ്ങളെയും തകര്‍ത്തെറിഞ്ഞാണ് ഇടതുപക്ഷം വന്‍ വിജയം നേടിയിരിക്കുന്നത്. ഈ സ്ഥിതി തുടര്‍ന്നാല്‍ ചരിത്ര ഭൂരിപക്ഷത്തിനാണ് നിയമസഭ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വിജയിക്കുക. യു.ഡി.എഫിന് ശക്തമായ മത്സരം കാഴ്ചവയ്ക്കണമെങ്കില്‍ പോലും ശക്തമായ തിരുത്തല്‍ നടപടി അനിവാര്യമാണ്. സംഘടന എന്ന രൂപത്തില്‍ താഴെ തട്ട് മുതല്‍ ഏറെ നിര്‍ജീവാവസ്ഥയിലാണ് കോണ്‍ഗ്രസ്സുള്ളത്. തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാതെയുള്ള ഈ പോക്ക് വലിയ നാശത്തിലേക്കാണ് കോണ്‍ഗ്രസ്സിനെ കൊണ്ടു പാകുന്നത്.

 

എ.കെ ആന്റണി കേരളത്തില്‍ തമ്പടിച്ചത് കൊണ്ട് പ്രത്യേകിച്ച് ഒരു നേട്ടവും യു.ഡി.എഫിന് ഉണ്ടാകാന്‍ പോകുന്നില്ല. ഒരു ജന സ്വാധീനവും ഈ മുന്‍ മുഖ്യമന്ത്രിക്ക് കേരളത്തിലില്ല. രാഹുല്‍ ഗാന്ധിയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ലോകസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നത് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചത് കൊണ്ട് മാത്രമാണ്. അദ്ദേഹം പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിച്ച് കേരളം നല്‍കിയ വോട്ടിലാണ് യു.ഡി.എഫ് സീറ്റുകള്‍ തൂത്ത് വാരിയിരുന്നത്. എന്നാല്‍, ഇപ്പോഴത്തെ രാഹുലിന്റെയും കോണ്‍ഗ്രസ്സിന്റെയും അവസ്ഥ വ്യത്യസ്തമാണ്. ഭരണം കിട്ടിയ സംസ്ഥാനങ്ങള്‍ പോലും കോണ്‍ഗ്രസ്സിന് കൈവിട്ട് പോയിരിക്കുന്നത് നേതാക്കളുടെ അധികാര മോഹത്താലാണ്. രാഹുല്‍ ഗാന്ധിയുടെ വലം കൈ ആയ ജോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍ ചേക്കേറിയതോടെ, കാവിയണഞ്ഞത് മധ്യപ്രദേശാണ്.

 

ഗോവയിലും, കര്‍ണ്ണാടകയിലും കോണ്‍ഗ്രസ്സ് എം.എല്‍.എമാര്‍ കൂറ് മാറിയത് കൊണ്ട് മാത്രമാണ് ബി.ജെ.പിക്ക് ഭരണം പിടിക്കാന്‍ കഴിഞ്ഞിരിക്കുന്നത്. ‘ഇന്നത്തെ കോണ്‍ഗ്രസ്സ്, നാളെത്തെ ബി.ജെ.പി’ എന്ന് ഏത് കൊച്ചു കുട്ടികളും ഇപ്പോള്‍ വിളിച്ചു പറയും. ആ നിലവാരത്തിലേക്കാണ് കോണ്‍ഗ്രസ്സ് തരം താണിരിക്കുന്നത്. ഒരു തോല്‍വി പോലും സഹിക്കാനുള്ള മാനസികാവസ്ഥ ഇല്ലാത്ത അവസ്ഥയിലേക്ക് രാഹുല്‍ ഗാന്ധിയും മാറി കഴിഞ്ഞു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷ സ്ഥാനം വിട്ട് ഓടി കളഞ്ഞ ഈ രാഹുലാണോ, കേരളത്തിലെ യു.ഡി.എഫിനെ ഇനി രക്ഷിക്കാന്‍ പോകുന്നത് ? അതോ ‘മൗനം വാചാലമാക്കുന്ന’ ആന്റണിയിലാണോ പ്രതീക്ഷ? ഈ ചോദ്യങ്ങള്‍ക്കും സംസ്ഥാനത്തെ യു.ഡി.എഫ് പ്രവര്‍ത്തകരാണ് ഇനി മറുപടി പറയേണ്ടത്. ഇത്തരം പൊടികൈകള്‍ കൊണ്ടൊന്നും കേരളത്തില്‍ യു.ഡി.എഫ് രക്ഷപ്പെടാന്‍ പോകുന്നില്ല. കോണ്‍ഗ്രസ്സണോ മുസ്ലീം ലീഗാണോ ഏറ്റവും വലിയ പാര്‍ട്ടി എന്ന മത്സരമാണ് യാഥാര്‍ത്ഥത്തില്‍ ഇപ്പോള്‍ നടക്കാന്‍ പോകുന്നത്.

 

ലീഗില്ലായിരുന്നു എങ്കില്‍ മലബാറില്‍ കോണ്‍ഗ്രസ്സ് പച്ച തൊടില്ലായിരുന്നു. ലീഗ് ഇപ്പോള്‍ ആവശ്യപ്പെടുന്ന 30 സീറ്റുകള്‍ കോണ്‍ഗ്രസ്സിന്റെ നെഞ്ചത്ത് തറക്കാനുള്ള ആണികളാണെന്നതും ഓര്‍ത്ത് കൊള്ളണം. ജോസ് കെ മാണി പോയതോടെ മധ്യ തിരുവതാംകൂറില്‍ യു.ഡി.എഫിന്റെ അടിത്തറയാണ് തകര്‍ന്നിരിക്കുന്നത്. ജോസഫ് വിഭാഗം വെറും ‘പടം’ മാത്രമാണെന്നതും കോണ്‍ഗ്രസ്സുകാര്‍ തിരിച്ചറിയണം. ഈ സാഹചര്യത്തില്‍ ജയിക്കാനുള്ള എന്ത് സാധ്യതയാണ് യു.ഡി.എഫിന് മുന്നിലുള്ളത് എന്നതും ചിന്തിക്കുന്നത് നല്ലതായിരിക്കും. തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രയോഗിച്ചതിന് അപ്പുറം ഒരായുധവും യു.ഡി.എഫിന്റെ പക്കല്‍ ഇപ്പോഴില്ല. പിന്നെ എന്തെടുത്താണ് നിങ്ങള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രയോഗിക്കാന്‍ പോകുന്നത്? യു.ഡി.എഫ് വീണ്ടും പോര്‍ക്കളത്തില്‍ ഇറക്കാന്‍ പോകുന്നത് യുദ്ധം ചെയ്ത് പരിക്കേറ്റ പടയാളികളെയാണ്. ‘പട’ നയിക്കാന്‍ ചുമതലപ്പെട്ടവരാവട്ടെ പാളയത്തിലെ പാരവയ്പ്പിലാണ് നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ചെന്നിത്തലയുടെ ”തേര്” ഹരിപ്പാട് തന്നെ തകര്‍ന്ന് വീഴാനുള്ള സാധ്യതയും ഇതോടെ വര്‍ദ്ധിച്ചിട്ടുണ്ട്. എതിരാളികളായ ചെമ്പടക്ക് ‘യുദ്ധം’ ജയിക്കാന്‍ ഇത്തവണയും കാര്യമായി വിയര്‍പ്പൊഴുക്കേണ്ടി വരില്ലെന്ന് വ്യക്തം.

Top