മോദി നിരക്ഷരനെന്ന് കോണ്‍ഗ്രസ് ട്വീറ്റ്; പ്രതിഷേധത്തിനൊടുവില്‍ പിന്‍വലിച്ച് ഖേദം പ്രകടിപ്പിച്ചു

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി നിരക്ഷരനാണെന്ന് പറഞ്ഞുള്ള ട്വീറ്റ് പിന്‍വലിച്ച് കോണ്‍ഗ്രസ് ഖേദം പ്രകടിപ്പിച്ചു. പാര്‍ട്ടിയുടെ ഔദ്യോഗിക ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ ഇതിനെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്നാണ് ട്വീറ്റ് പിന്‍വലിച്ച് ഖേദപ്രകടനം നടത്തി പാര്‍ട്ടി തലയൂരിയത്.

പുതിയ സോഷ്യല്‍ മീഡിയ മാനേജരാണ് അപരിഷ്‌കൃതമായ ട്വീറ്റ് പങ്കുവച്ചെതെന്നാണ് കോണ്‍ഗ്രസിന്റെ വിശദീകരണം. വിവാദ പോസ്റ്റിനെ തള്ളി കര്‍ണാടക കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി കെ ശിവകുമാറും രംഗത്തെത്തി. ട്വീറ്റിലെ പരമാര്‍ശം ‘സിവില്‍ പാര്‍ലമെന്ററി ഭാഷാ’ നിലവാരത്തിലുള്ളതായിരുന്നില്ല. ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍ മുഖേന പുതിയ സോഷ്യല്‍ മീഡിയ മാനേജര്‍ നടത്തിയ അപരിചിതമായ ട്വീറ്റില്‍ ഖേദിക്കുകയും പിന്‍വലിക്കുകയും ചെയ്തു എന്നായിരുന്നു ശിവകുമാര്‍ പറഞ്ഞത്.

‘കോണ്‍ഗ്രസ് സ്‌കൂളുകള്‍ നിര്‍മിച്ചു. എന്നാല്‍ മോദി പഠിച്ചിട്ടില്ല. മുതിര്‍ന്നവര്‍ക്ക് പഠിക്കാനും കോണ്‍ഗ്രസ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു. എന്നാല്‍ മോദി അപ്പോഴും പഠിച്ചിട്ടില്ല. രാജ്യം മോദിയുടെ നിരക്ഷരത മൂലം ഉഴലുകയാണ്’ എന്നായിരുന്നു കോണ്‍ഗ്രസ് പങ്കുവച്ച ട്വീറ്റ്.

Top