വണ്ടിപ്പെരിയാര്‍ കേസ്: ‘മകളേ മാപ്പ്’, ബഹുജന സമരം സംഘടിപ്പിക്കാന്‍ കെപിസിസി

തിരുവനന്തപുരം: വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ വെറുതെ വിട്ടതിനെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ്. മകളേ മാപ്പ് എന്ന പേരില്‍ ബഹുജന സമരം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെപിസിസി. സമരത്തിന്റെ തിയതി ഡിസംബര്‍ മുപ്പതിന് പ്രഖ്യാപിക്കും. ഇതിനായി ഏഴംഗ സംഘത്തെ ചുമതലപ്പെടുത്തിയതായും കെപിസിസി വ്യക്തമാക്കി.

വണ്ടിപ്പെരിയാര്‍ കേസില്‍ പൊലീസിന് ഉണ്ടായത് വന്‍ വീഴ്ചയാണ്. പ്രതിയെ വെറുതെ വിടുന്ന സാഹചര്യം അംഗീകരിക്കാന്‍ ആകില്ല. ഇത് സര്‍ക്കാര്‍ വീഴ്ചയാണെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. ഇതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ബഹുജന സമരം സംഘടിപ്പിക്കുന്നത്. സര്‍ക്കാര്‍ പൊലീസ് അനാസ്ഥ ജനങ്ങളെ ബോധിപ്പിക്കും. വാളയാറില്‍ ഇതുപോലെ വണ്ടിപ്പെരിയാറിലും നീതി നിഷേധിക്കുന്ന അവസ്ഥ അനുവദിക്കില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

ബഹുജന സദസ്സ് സംഘടിപ്പിക്കാന്‍ ഏഴംഗ സംഘത്തെയാണ് കെപിസിസി നിയോഗിച്ചിട്ടുള്ളത്. കെപിസിസി ഉപാധ്യക്ഷന്‍ വി പി സജീന്ദ്രന്‍, മാത്യു കുഴല്‍നാടന്‍ എംഎല്‍എ എന്നിവര്‍ കോഡിനേറ്റര്‍മാരായുള്ള സംഘത്തില്‍ ഡീന്‍ കുര്യാക്കോസ് എംപി, ഇടുക്കി ഡിസിസി അധ്യക്ഷന്‍ സിപി മാത്യു, അഡ്വക്കേറ്റ് എസ് അശോകന്‍, ജോസി സെബാസ്റ്റ്യന്‍, അഡ്വക്കേറ്റ് എം ലിജു എന്നിവരും അംഗങ്ങളാണ്. ശനിയാഴ്ച ചേരുന്ന യോഗത്തില്‍ ബഹുജനസദസിന്റെ തിയതിയില്‍ തീരുമാനമാകും.

Top