അഞ്ചുലക്ഷം പേരുടെ പൊലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്താൻ കോൺഗ്രസ്; പ്രതിഷേധം 20 ന്

തിരുവനന്തപുരം: കെ.എസ്.യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പോലീസിന്റേയും സിപിഎമ്മിന്റേയും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാരുടെയും ആക്രമണത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 20ന് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ബഹുജന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ചില്‍ അഞ്ചു ലക്ഷത്തിലധികം പേര്‍ അണിനിരക്കുന്ന പ്രതിഷേധം ഇരമ്പുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി പറഞ്ഞു. സംസ്ഥാനത്തെ 1500 ലധികം കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാവിലെ 11നാണ് സംസ്ഥാനത്തെ 564 പോലീസ് സ്‌റ്റേഷനുകളിലേക്ക് മാര്‍ച്ച് നടത്തുന്നത്. ഒരു മണ്ഡലത്തില്‍ നിന്ന് ചുരുങ്ങിയത് 1000 പ്രവര്‍ത്തകര്‍ പോലീസ് സ്‌റ്റേഷന്‍ പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും. രണ്ടോ അതില്‍ കൂടുതലോ മണ്ഡലങ്ങളുടെ നേതൃത്വത്തിലായിരിക്കും ചിലയിടങ്ങളില്‍ ഒരു പോലീസ് സ്‌റ്റേഷനിലേക്കുള്ള പ്രതിഷേധം. കോണ്‍ഗ്രസ് പ്രതിഷേധത്തിന്റെ ചൂടറിയുന്ന ശക്തമായ പ്രക്ഷോഭമായി പോലീസ് സ്‌റ്റേഷന്‍ പ്രതിഷേധ മാര്‍ച്ച് മാറും.

ഡിസിസി അധ്യക്ഷന്‍മാര്‍, ജില്ലകളുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍, അതത് ജില്ലകളിലെ കെപിസിസി ഭാരവാഹികള്‍, ഡിസിസി ഭാരവാഹികള്‍, പോഷക സംഘടനകളുടേയും സെല്ലുകളുടേയും ഭാരവാഹികള്‍ തുടങ്ങിയവര്‍ ബഹുജന പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് വിജയിപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലകളില്‍ മേല്‍നോട്ടം നല്‍കും. അധികാരികളുടെ വിടുവേല ചെയ്യുകയല്ല പോലീസിന്റെ പണിയെന്ന് അവരെ ഓര്‍മ്മപ്പെടുത്തുന്നതായിരിക്കും കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി മണ്ഡലം തലത്തില്‍ സംഘടിപ്പിക്കുന്ന പ്രതിഷേധം. കോണ്‍ഗ്രസിന്റെ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് വിജയിപ്പിക്കാന്‍ എല്ലാ മതേതര ജനാധിപത്യ വിശ്വാസികളുടെയും പിന്തുണ ഉണ്ടാകണമെന്നും കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചതിനും കരിങ്കൊടി കാട്ടിയതിനുമാണ് വഴിനീളെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തെരുവുകളില്‍ കൈകാര്യം ചെയ്തത്. ജനാധിപത്യത്തില്‍ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിര്‍ന്നിട്ടില്ല. ചട്ടം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഗണ്‍മാന്‍മാരെ നിലക്ക് നിര്‍ത്തണം. അക്രമികളായ സിപിഎമ്മുകാരെയും ഗണ്‍മാന്‍മാരെയും ന്യായീകരിക്കുക വഴി മുഖ്യമന്ത്രി നിയമവാഴ്ചയെ വെല്ലുവിളിക്കുകയാണ്.

സിപിഎമ്മിന്റേയും പിണറായി വിജയന്‍റെ ഗുണ്ടാപോലീസിന്റേയും ചെയ്തികള്‍ക്ക് വരമ്പത്ത് തന്നെ കൂലി നല്‍കേണ്ടതാണ് എന്നതാണ് താഴെത്തട്ടിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം. കോണ്‍ഗ്രസിന്റെ ഉന്നതമായ ധാര്‍മിക മൂല്യങ്ങളും പാരമ്പര്യങ്ങളും ഉള്‍ക്കൊണ്ട് നേതൃത്വം സംയമനം പാലിച്ചത് ബലഹീനതയായി കാണേണ്ട. തെരുവ് ഗുണ്ടയുടെ നിലവാരത്തില്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രകോപനപരമായി വെല്ലുവിളി നടത്തുമ്പോള്‍ ഇതിനെ നിസ്സാരമായി കാണാന്‍ കോണ്‍ഗ്രസിനുമാകില്ല. ഈ നില തുടര്‍ന്നാല്‍ ഗുരുതരമായ പ്രത്യാഘാതം നേരിടേണ്ടിവരും. ശക്തമായി തന്നെ കോണ്‍ഗ്രസും തിരിച്ചടിക്കേണ്ടിവരും. അതിനുള്ള മുന്നറിയിപ്പ് കൂടിയാണ് സംസ്ഥാനത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചെന്നും കെ.സുധാകരന്‍ പറഞ്ഞു.

Top