രാഷ്ട്രീയകാര്യസമിതിയിലെ ഒഴിവുകള്‍ നികത്താന്‍ കോണ്‍ഗ്രസില്‍ ആലോചനകള്‍ തുടങ്ങി

തിരുവനന്തപുരം: രാഷ്ട്രീയകാര്യ സമിതിയിലെ ഒഴിവുകള്‍ നികത്താന്‍ കോണ്‍ഗ്രസില്‍ ആലോചനകള്‍ തുടങ്ങി. നിലവില്‍ അഞ്ചുപേരുടെ ഒഴിവുകളാണുള്ളതെങ്കിലും കൂടുതല്‍പ്പേരെ പുതിയ പട്ടികയില്‍ ഉള്‍ക്കൊള്ളിച്ചേക്കും. യൂത്തുകോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഒഴിയുന്ന ഷാഫി പറമ്പില്‍ രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായേക്കുമെന്നാണ് വിവരം. കൂടുതല്‍ നേതാക്കളെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി പുനസംഘടിപ്പിക്കാന്‍ ആണ് ആലോചന. അടുത്തയാഴ്ച രാഷ്ട്രീയകാര്യസമിതി ചേരാനാണ് നീക്കം.

ഉമ്മന്‍ചാണ്ടിയും എം ഐ ഷാനവാസും മരിച്ച ഒഴിവുകള്‍, കെവി തോമസും പിസി ചാക്കോയും പാര്‍ട്ടിവിട്ട ഒഴിവുകള്‍, വിഎം സുധീരന്‍ രാജിവച്ച ഒഴിവ്. ഈ അഞ്ചിന് പുറമെ പതിവായി വിട്ടുനില്‍ക്കുന്ന മുല്ലപ്പള്ളിയെയും ഒഴിവാക്കിയാല്‍ ഒഴിവുകള്‍ ആറെണ്ണമാണ്. പിടി തോമസ് പങ്കെടുത്തത് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റ് എന്ന നിലയിലായതിനാല്‍ ഒഴിവായി കണക്കാക്കാനാകില്ല. വര്‍ക്കിങ് കമ്മിറ്റിയംഗമായി തിരഞ്ഞെടുത്ത ശശി തരൂര്‍ രാഷ്ട്രീയകാര്യ സമിതിയിലംഗമാകും. തരൂരിന്റെ പിന്തുണയില്‍ എംകെ രാഘവനും എത്തിയേക്കും. പാര്‍ട്ടിയില്‍ നിലവില്‍ പദവികളില്ലാത്ത ജോസഫ് വാഴയ്ക്കന്റെയും ശൂരനാട് രാജശേഖരന്റെയും പേരുകളാവും ഐ ഗ്രൂപ്പ് നല്‍കുക.

യൂത്തുകോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഒഴിയാനിരിക്കുന്ന ഷാഫി പറമ്പില്‍ എംഎല്‍എ സമിതിയിലെത്താനുള്ള സാധ്യത ഏറെക്കൂടുതലാണ്. ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് എ ഗ്രൂപ്പിന്റെ പ്രധാനപേരായി നിലവിലുണ്ട്. വര്‍ക്കിങ് പ്രസിഡന്റായ ടി സിദ്ദീഖിനെയും ഇത്തവണ രാഷ്ട്രീയകാര്യ സമിതിയിലേക്ക് നേരിട്ട് പരിഗണിക്കുന്നുണ്ട്. കെസി വേണുഗോപാല്‍ ഗ്രൂപ്പില്‍ നിന്ന് എപി അനില്‍കുമാറിനാണ് സാധ്യത. നിലവില്‍ ഷാനിമോള്‍ ഉസ്മാന്‍ മാത്രമാണ് ഏക വനിത. ഇത്തവണ ബിന്ദു കൃഷ്ണയെയും ഉള്‍പ്പെടുത്തിയേക്കും.

വിഎം സുധീരനെയും മുല്ലപ്പള്ളിയെയും നിലനിര്‍ത്തണോയെന്ന കാര്യത്തില്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നാഭിപ്രായമാണ്. മുതിര്‍ന്ന നേതാക്കളായ എകെ ആന്റണിയും പിജെ കുര്യനും സമിതിയില്‍ തുടരുമെന്നാണ് സൂചന. കെപിസിസി ഭാരവാഹി പട്ടിക പുതുക്കണമെന്ന് കെ സുധാകരന് ആഗ്രഹമുണ്ട്. കൂട്ടായ ചര്‍ച്ച വേണമെന്നാണ് ഹൈക്കമാന്‍ഡ് നിലപാട്.

Top