സുപ്രീം കോടതി അഭിഭാഷകരെ രംഗത്തിറക്കി സോളാര്‍ നടപടിയെ നേരിടാന്‍ കോണ്‍ഗ്രസ്സ്

കൊച്ചി: സോളാര്‍ സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ മുന്‍കൂര്‍ ജാമ്യവുമായി ഹൈക്കോടതിയെ സമീപിക്കാന്‍ യു.ഡി.എഫ് നീക്കം.

പ്രതിസ്ഥാനത്ത് വരുന്ന നേതാക്കളില്‍ ആരെങ്കിലും ഹൈക്കോടതിയെ സമീപിക്കുന്നതായിരിക്കും ഉചിതമെന്ന ഉപദേശം നിയമ കേന്ദ്രങ്ങളില്‍ നിന്നും യു.ഡി.എഫിന് കിട്ടിക്കഴിഞ്ഞു.

നിരവധി കേസുകളില്‍ പ്രതിയായി ആള്‍മാറാട്ടം നടത്തുന്ന സരിതയുടെ മൊഴി വിശ്വാസത്തിലെടുത്ത് നടപടി സ്വീകരിക്കുന്നത് ചോദ്യം ചെയ്യുമെന്ന് കോണ്‍ഗ്രസ്സ് നേതൃത്വവും വ്യക്തമാക്കി.

ബലാത്സംഗ കേസ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയടക്കമുള്ളവരുടെ പേരില്‍ ഒരിക്കലും നില നില്‍ക്കില്ലന്ന് തന്നെയാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം.

സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമേ കമ്മിഷനെതിരായി നിലപാട് സ്വീകരിക്കണമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കേസിനെ രാഷ്ട്രീയപരമായി നേരിടാനാണ് തീരുമാനം. ഹൈക്കമാന്റിനെ ഇതു സംബന്ധിച്ച കാര്യങ്ങള്‍ എ.കെ.ആന്റണിയും കെ.പി.സി.സി അദ്ധ്യക്ഷനും ധരിപ്പിച്ചിട്ടുണ്ട്.

മുതിര്‍ന്ന നേതാക്കള്‍ ഒന്നടങ്കം അറസ്റ്റിലായി അഴിക്കുള്ളിലാകുന്ന അവസരം ഏത് വിധേയനേയും ഒഴിവാക്കാന്‍ ആവശ്യമെങ്കില്‍ സുപ്രീം കോടതിയില്‍ നിന്നും മുതിര്‍ന്ന അഭിഭാഷകരെ തന്നെ കൊണ്ടുവരാനാണ് തീരുമാനം.

സര്‍ക്കാറിന്റെ പുതിയ നിലപാടിന്റെ പശ്ചാത്തലത്തില്‍ സരിത വീണ്ടും കോണ്‍ഗ്രസ്സ് നേതാക്കളുടെ മകന്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ക്കെതിരെ പരാതിയുമായി രംഗത്തു വരുന്നതിനെയും അതീവ ഗൗരവമായാണ് കോണ്‍ഗ്രസ്സ് നേതൃത്വം കാണുന്നത്.

ഈ ഒരു സാഹചര്യത്തില്‍ സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ഏത് വിധേയനേയും ലഭ്യമാക്കുന്നതിനായുള്ള ശ്രമം ഊര്‍ജിതമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ നല്‍കിയില്ലങ്കില്‍ റിപ്പോര്‍ട്ടിനായി കോടതിയെ സമീപിക്കാനാണ് നീക്കം.

Top