സാമുദായിക സഭാ നേതാക്കളുടെ സംയുക്ത യോഗം വിളിക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: കോണ്‍ഗ്രസ് സാമുദായിക സഭാ നേതാക്കളുടെ സംയുക്ത യോഗം വിളിക്കുന്നു. കെ സുധാകരനും വി ഡി സതീശനും സംയുക്തമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറിയിപ്പ്. മതനേതാക്കളുടെ സംയുക്ത യോഗം കെപിസിസി വിളിക്കും. പാലാ ബിഷപ്പിന്റെ പ്രസംഗം ചൂഷണം ചെയ്യാന്‍ ചിലര്‍ ശ്രമിച്ചെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

വര്‍ഗീയ ധ്രുവീകരണം തടയാനുള്ള ശ്രമം തുടരുകയാണ്. പൊട്ടിത്തെറിയിലേക്ക് നീങ്ങിയപ്പോള്‍ അനുരഞ്ജനത്തിന് കോണ്‍ഗ്രസ് ശ്രമിക്കുന്നു. ചര്‍ച്ച ആവശ്യപ്പെട്ട് പലതവണ കത്തയച്ചിട്ടും മുഖ്യമന്തി മറുപടി നല്‍കിയില്ലെന്നും സുധാകരന്‍ പറഞ്ഞു. ക്രിസ്ത്യന്‍-മുസ്ലിം മത നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. ഇതുവരെയുള്ള ചര്‍ച്ചകള്‍ ആത്മവിശ്വാസം നല്‍കുന്നതെന്നും സുധാകരന്‍ വ്യക്തമാക്കി.

വിപത്തിനെക്കുറിച്ച് ആഴത്തില്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. സര്‍ക്കാര്‍ തയാറായില്ലെങ്കിലും കോണ്‍ഗ്രസ് പ്രശ്‌ന പരിഹാരത്തിന് ഇടപെടും. നിരുത്തരവാദപരമായാണ് മന്ത്രി വാസവന്‍ പ്രതികരിച്ചതെന്നും സുധാകരന്‍ പറഞ്ഞു. വിഷയം എത്രയും വേഗം പരിഹരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ ദുഷ്പ്രചാരണം നടക്കുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കേരള സമൂഹം കേള്‍ക്കാത്ത വാക്കുകള്‍ സമൂഹ മാധ്യമങ്ങളിലൂടെ വരുന്നു. പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയില്ലെന്നും സതീശന്‍ പറഞ്ഞു.

 

Top