ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്‌മെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ജമ്മു കശ്മീരിലെ ബ്ലോക്ക് ഡവലപ്‌മെന്റ് തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ജെ.എ മിര്‍. ബി.ജെ.പിക്ക് ജയിക്കാനായി മറ്റ് പാര്‍ട്ടികള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം നല്‍കാതിരിക്കുകയാണ് ജമ്മു കശ്മീര്‍ ഭരണകൂടമെന്നും അദ്ദേഹം ആരോപിച്ചു.

മുതിര്‍ന്ന നേതാക്കള്‍ തടവില്‍ തുടരുന്ന സാഹചര്യത്തിലും ജമ്മു കശ്മീര്‍ ഭരണകൂടത്തിന്റെ വിരുദ്ധ നിലപാടുകളിലും പ്രതിഷേധിച്ചാണ് തീരുമാനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവാനദിവസമാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.

ഒക്ടോബര്‍ 24 നാണ് ജമ്മു കശ്മീരില്‍ ബ്ലോക്ക് ഡവലപ്പ്‌മെന്റ് കൌണ്‍സിലിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി നടക്കുന്ന തെരഞ്ഞെടുപ്പാണിത്.

വീട് തടങ്കലിലായിരുന്ന ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ അടുത്തിടെയാണ് സര്‍ക്കാര്‍ മോചിപ്പിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫറൂഖ് അബ്ദുള്ള, ഒമര്‍ അബ്ദുള്ള, പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും തടവിലാണ്.

ഇതിനിടെ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി ജമ്മുകശ്മീര്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് ഷെഹ്‌ല റാഷിദ് അറിയിച്ചു.

Top