തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ്

ന്യൂഡല്‍ഹി: ഹരിയാന, മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് വാര്‍ത്താ ചാനലുകളില്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനം. ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയാണ് ഇക്കാര്യം നേതാക്കളെ അറിയിച്ചത്.

അതേസമയം മാധ്യമങ്ങള്‍ക്ക് നേതാക്കള്‍ അഭിമുഖം നല്‍കുന്നതില്‍ വിലക്കില്ലെന്നും സോണിയ അറിയിച്ചു. മേയില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് മുതലാണ് ചാനല്‍ ചര്‍ച്ചയില്‍ നേതാക്കള്‍ പങ്കെടുക്കേണ്ടെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചിരുന്നത്.

21നാണ് ഹരിയാന, മഹാരാഷ്ട്ര നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. എക്‌സിറ്റ് പോളുകളെല്ലാം പ്രവചിക്കുന്നത് മഹാരാഷ്ട്രയില്‍ ബിജെപി സേന സഖ്യത്തിന് ഭരണ തുടര്‍ച്ച ഉണ്ടാകുമെന്നാണ്. സഖ്യം 190 മുതല്‍ 245 വരെ സീറ്റുകള്‍ നേടുമെന്നാണ് വിവിധ സര്‍വ്വേകള്‍ പറയുന്നത്. 100 സീറ്റില്‍ ജയിച്ച് സഖ്യസര്‍ക്കാരില്‍ നിര്‍ണ്ണായക ശക്തി ആകാമെന്നാണ് ശിവസേനയുടെ കണക്കുകൂട്ടല്‍.

ഹരിയാനയില്‍ ബിജെപിക്കും കോണ്‍ഗ്രസിനും ഇടയില്‍ കടുത്ത പോരാട്ടമാണ് നടന്നതെന്നും തൂക്കു നിയമസഭയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നും എക്‌സിറ്റ് പോള്‍ ഫലം പറയുന്നു. തൊണ്ണൂറംഗ നിയമസഭയില്‍ ബിജെപി 32 മുതല്‍ 44 വരെ സീറ്റുകള്‍ നേടും എന്നാണ് പ്രവചനം. കോണ്‍ഗ്രസും 30നും 42നും ഇടയ്ക്ക് സീറ്റ് നേടും.

Top