ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥിനെ അനുനയിപ്പിക്കാന്‍ നീക്കവുമായി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഗോപിനാഥിനെ ഫോണില്‍ വിളിച്ച് തിടുക്കപ്പെട്ട് തീരുമാനം എടുക്കരുതെന്ന് ആവശ്യപ്പെട്ടു. പ്രശ്നപരിഹാരത്തിനായി കഴിഞ്ഞ ദിവസം രാത്രി ഒരു മണിക്കൂറോളം മുല്ലപ്പള്ളി ഫോണില്‍ സംസാരിച്ചുവെന്ന് ഗോപിനാഥ് പറഞ്ഞു.

താന്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ ഗൗരവമുള്ളതാണെന്നും അതൊന്നും തള്ളിക്കളയുന്നില്ലെന്നും മുല്ലപ്പള്ളി അറിയിച്ചതായും ഗോപിനാഥ് വ്യക്തമാക്കി.

അതേസമയം തന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഗോപിനാഥ്. മുല്ലപ്പള്ളി വിളിച്ചതുകൊണ്ട് മാത്രമായില്ല, കെപിസിസി അധ്യക്ഷന് ഒറ്റയ്ക്ക് തീരുമാനമെടുക്കാവുന്ന പ്രശ്നങ്ങളല്ല താന്‍ ഉന്നയിച്ചത്. നാളെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍ നേരിട്ട് കൂടിക്കാഴ്ച നടത്താമെന്ന് പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമോയെന്ന് കാത്തിരുന്ന കാണാമെന്നും അദ്ദേഹം വ്യക്തമാക്കി.

 

Top