മിസോറാമിൽ അട്ടിമറി വിജയത്തിനായ് സകല തന്ത്രങ്ങളും പയറ്റി ബി.ജെ.പി . . .

മിസോറാമില്‍ അധികാരം നിലനിര്‍ത്താന്‍ പതിനെട്ടടവും പയറ്റി കോണ്‍ഗ്രസ്സ്. കോണ്‍ഗ്രസ്സ് മുക്ത ഭാരതം ലക്ഷ്യമിട്ട് പ്രാദേശിക പാര്‍ട്ടികളെ അണിനിരത്തി ബിജെപിയും നേര്‍ക്കുനേര്‍. . .

മിസോറാമില്‍ പോരാട്ടം മുറുകുന്നു .വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനം മിസോറാമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷം നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. എന്നാല്‍ ഇക്കുറി കോണ്‍ഗ്രസിന് കാര്യങ്ങള്‍ അത്ര എളുപ്പമല്ല .ചില സര്‍വ്വെകള്‍ പോലും കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടില്ലെന്ന് പറയുന്നു .

കോണ്‍ഗ്രസിനെ സംബന്ധിച്ച് മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് മൂവ്‌മെന്റും വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്. ശക്തമായ ത്രികോണ മത്സരം തന്നെയാണ് മിക്ക മണ്ഡലങ്ങളിലുമുള്ളത്. എന്നാല്‍ ചില മണ്ഡലങ്ങളില്‍ ബിജെപിയുടെ സാന്നിധ്യവും ശക്തമാണ്. ഒരു മാസത്തിനിടെ മിസോറാം നിയമസഭയിലെ 5 എംഎല്‍എ മാരാണ് ബിജെപിയില്‍ ചേര്‍ന്നത്. കോണ്‍ഗ്രസിന്റെ ചിലമുതിര്‍ന്ന നേതാക്കളും ബി ജെ പിയില്‍ ചേര്‍ന്നിട്ടുണ്ട്.

നാളിതുവരെ മിസോറാം നിയമസഭയില്‍ അക്കൗണ്ട് തുറന്നിട്ടില്ലാത്ത ബി ജെ പി ഇക്കുറി മികച്ച പ്രകടനം തിരഞ്ഞെടുപ്പില്‍ കാഴ്ച്ചവയ്ക്കുമെന്ന പ്രതീക്ഷയിലാണ്. മിസോറാമില്‍ ആരുമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാകില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിന് ശേഷം മറ്റ് പാര്‍ട്ടികളുമായി ധാരണയിലെത്താന്‍ സന്നദ്ധമാണെന്നും രാം മാധവ് കൂട്ടിച്ചേര്‍ത്തു.

മേഘാലയിലും മണിപ്പൂരിലും നാഗാലാന്റിലും തെരഞ്ഞെടുപ്പിന് ശേഷം രൂപീകരിച്ച സഖ്യങ്ങളിലൂടെയാണ് ബിജെപി അധികാരത്തിലെത്തിയത്. അതേ സമയം എന്‍ ഡി എ ഘടകകക്ഷിയായ എന്‍ പി പി മിസോറാമില്‍ മത്സര രംഗത്തുണ്ട്. ചില പോക്കറ്റുകളില്‍ ഈ പാര്‍ട്ടിക്ക് സ്വാധീനമുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് ബി ജെ പി സംസ്ഥാനത്ത് ഒരു എതിരാളിയേയല്ല എന്ന നിലപാടാണ് സ്വീകരിക്കുന്നത്.

എന്നാല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമീപകാലത്ത് ബിജെപി കൈവരിച്ച നേട്ടം അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. കോണ്‍ഗ്രസിനെ സംബന്ധിച്ച് മുഖ്യമന്ത്രി ലാഹ്ത്തന്‍ വാലയുടെ ജനകീയതയില്‍ തന്നെയാണ് പ്രതീക്ഷ .അതേസമയം ഇക്കുറി ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിലയിരുത്തല്‍ .

അതേസമയം വോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ചില എന്‍ ജി ഒകള്‍ പ്രതിഷേധ രംഗത്താണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനം കനത്ത സുരക്ഷാവലയത്തിലാണ്. ക്രൈസ്തവ സഭകള്‍ക്കും ഇവിടെ നിര്‍ണ്ണായക സ്വാധീനമാണുള്ളത്. സഭയുടെയും പുരോഹിതന്‍മാരുടെയും പിന്തുണയുള്ള പ്രാദേശിക പാര്‍ട്ടി സ്ഥാനാര്‍ത്ഥികളും പല മണ്ഡലങ്ങളിലും സജീവമായി മത്സര രംഗത്തുണ്ട്. അതേ സമയം തെരഞ്ഞെടുപ്പിന് ശേഷം ഒരു പാര്‍ട്ടിയും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവാത്ത സാഹചര്യമുണ്ടായാല്‍ ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന്റെ നിലപാടാകും നിര്‍ണ്ണായകമാവുക.

bjp

ചില സര്‍വെകള്‍ തന്നെ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നിയമസഭയാകും നിലവില്‍ വരുക എന്നാണ് പറയുന്നത്. മിസോ നാഷണല്‍ ഫ്രണ്ടും സോറം പീപ്പിള്‍സ് മൂവ്‌മെന്റും തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തുന്നതിനായി ഒന്നിച്ച് നില്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല .

ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ കോണ്‍ഗ്രസിന് അത് വലിയ തിരിച്ചടിയാകും. ബിജെപി പുലര്‍ത്തുന്ന ആത്മവിശ്വാസവും തള്ളിക്കളയാനാകില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ചാണക്യനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന അസമില്‍ നിന്നുള്ള നേതാവ് ഹിമന്ദ ബിശ്വ ശര്‍മ്മ തന്നെയാണ് മിസോറാമിലും പാര്‍ട്ടിയുടെ തുറുപ്പ് ചീട്ട്.

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള പല നേതാക്കളും ബി ജെ പി യിലെത്തിയതിന് പിന്നില്‍ അദ്ദേഹത്തിന്റെ നീക്കങ്ങളാണ്. ക്രൈസ്തവ സഭകളുടെ സ്വാധീനമുള്ള മിസോറാമില്‍ ബിജെപി മെല്ലെ മെല്ലെ വളര്‍ച്ച കൈവരിക്കുകയാണ്. അതേ സമയം കോണ്‍ഗ്രസിനെയാകട്ടെ പാര്‍ട്ടിയിലെ പടലപ്പിണക്കങ്ങള്‍ പിടികൂടിയിട്ടുമുണ്ട്. ഒരിക്കല്‍ കോണ്‍ഗ്രസിന്റെ ശക്തി ദുര്‍ഗമായിരുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇന്ന് കോണ്‍ഗ്രസ് നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടത്തിലാണ്. മിസോറാമില്‍ അധികാരം നിലനിര്‍ത്തി തങ്ങളുടെ ശക്തി ബോധ്യപ്പെടുത്തേണ്ടത് കോണ്‍ഗ്രസിന് വലിയ വെല്ലുവിളിയാണ്.

റിപ്പോര്‍ട്ട്: കെ.ബി ശ്യാമപ്രസാദ്

Top