കുട്ടനാട്ടില്‍ നാണംകെടാന്‍ വയ്യ; കേരളാ കോണ്‍ഗ്രസിന് സീറ്റ് ഇല്ല, സീറ്റ് ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: കുട്ടനാട് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയോഗത്തില്‍ ധാരണയായി. കേരളാ കോണ്‍ഗ്രസിനകത്ത് നടക്കുന്ന തമ്മിലടി രൂക്ഷമായ സാഹചര്യത്തിലാണ് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് അവര്‍ക്കുള്ള സീറ്റ് തിരിച്ചെടുത്തത്.

അതേസമയം, കേരള കോണ്‍ഗ്രസിന് കുട്ടനാട് സീറ്റിലുള്ള അവകാശവാദം നിഷേധിക്കില്ല. പകരം തദ്ദേശ തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ട് ഉപതെരഞ്ഞെടുപ്പില്‍ ഭാഗ്യം പരീക്ഷിക്കാനാകില്ലെന്ന് കേരളാ കോണ്‍ഗ്രസ് നേതൃത്വങ്ങളെ ധരിപ്പിക്കും. കേരളാ കോണ്‍ഗ്രസുകള്‍ പല കഷ്ണങ്ങളായി ചേരി തിരിഞ്ഞ് തമ്മിലടി രൂക്ഷമായ സാഹചര്യത്തില്‍ കൂടിയാണ് കോണ്‍ഗ്രസിന്റെ ഈ തീരുമാനം.

അതേസമയം, ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ സാഹചര്യങ്ങള്‍ മെച്ചപ്പെടുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് തിരിച്ച് നല്‍കുന്നതിനെ കുറിച്ച് ആലോചിക്കാം. അതല്ലെങ്കില്‍ മറ്റേതെങ്കിലും സീറ്റ് നല്‍കാനും തയ്യാറാണെന്ന് കേരള കോണ്‍ഗ്രസ് നേതൃത്വങ്ങളെ ബോധ്യപ്പെടുത്താന്‍ രമേശ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും രാഷ്ട്രീയകാര്യ സമിതി ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം.

ജോസ്- ജോസഫ് വിഭാഗങ്ങളെ അനുനയിപ്പിച്ച് വേണം സീറ്റ് ഏറ്റെടുക്കുന്നതിനുള്ള രാഷ്ട്രീയകാര്യ സമിതി തീരുമാനം നടപ്പാക്കാന്‍ എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. സീറ്റ് മാത്രമല്ല, രണ്ടില ചിഹ്നത്തെ ചൊല്ലിയും കേരളാ കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാണ്.

ജേക്കബ് എബ്രഹാമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാശിയിലാണ് പിജെ ജോസഫ്. കഴിഞ്ഞ തവണ കുട്ടനാട് സ്ഥാനാര്‍ത്ഥിയായ പരിചയം ജേക്കബിന് ഉണ്ട് എന്നാണ് ജോസഫിന്റെ വാദം.

അതിനിടെ ജോണി നെല്ലൂര്‍ വിഭാഗവും അനൂപ് ജേക്കബ് വിഭാഗവും വെവ്വേറെ നേതൃയോഗങ്ങള്‍ വിളിച്ചതും യുഡിഎഫിനും കോണ്‍ഗ്രസിനും അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

Top