നോട്ടുകെട്ടുകളുമായി പിടിയിലായ MLA മാരെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തു

ഡല്‍ഹി: ജാര്‍ഖണ്ഡില്‍നിന്നുള്ള മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നോട്ടുകെട്ടുകളുമായി പശ്ചിമ ബംഗാളില്‍ പിടിയിലായതിന് പിന്നാലെ അച്ചടക്ക നടപടി സ്വീകരിച്ച് പാര്‍ട്ടി. മൂന്ന് എം.എല്‍.എമാരെയും കോണ്‍ഗ്രസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജാംതാഡ എം.എല്‍.എ. ഇര്‍ഫാന്‍ അന്‍സാരി, ഖിജ്‌രി എം.എല്‍.എ. രാജേഷ് കച്ഛപ്, കോലെബിര എം.എല്‍.എ. നമന്‍ ബിക്‌സല്‍ കോംഗാരി എന്നിവരെയാണ് നോട്ടുകെട്ടുകളുമായി പശ്ചിമ ബംഗാള്‍ പോലീസ് ശനിയാഴ്ച രാത്രി കസ്റ്റഡിയില്‍ എടുത്തത്.

മൂന്ന് എം.എല്‍.എമാരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സസ്‌പെന്‍ഡ് ചെയ്ത വിവരം ജാര്‍ഖണ്ഡ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള സെക്രട്ടറി ജനറല്‍ അവിനാഷ് പാണ്ഡേയാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എല്ലാവരെയും സംബന്ധിച്ച കാര്യങ്ങള്‍ അറിയാമെന്നും വരുംദിവസങ്ങളില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് തെളിയുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിടിയിലായ മൂന്ന് എം.എല്‍.എമാരെയും ഹൗറ റൂറല്‍ പോലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. പണത്തിന്റെ ഉറവിടത്തേക്കുറിച്ചാണ് ഇവരോട് ആരായുന്നത്. ഹൗറയിലെ റാണിഹതിയിലെ ദേശീയപാത 16-ല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി വന്ന എസ്.യു.വി. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധിച്ചത്. തുടര്‍ന്ന് വലിയ അളവില്‍ പണം വാഹനത്തില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു.

എം.എല്‍.എമാരെ പണവുമായി പിടികൂടിയ വിഷയത്തില്‍ ബി.ജെ.പി. ബന്ധം ആരോപിച്ച കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എം.എല്‍.എമാര്‍ക്ക് പണം നല്‍കുകയായിരുന്നു എന്ന ആരോപണവും ഉന്നയിച്ചിരുന്നു. ‘തങ്ങളുടേതല്ലാത്ത സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് ബി.ജെ.പിയുടെ സ്വഭാവത്തിലുള്ള കാര്യമാണ്. ഹേമന്ദ് സോറന്‍ സര്‍ക്കാരിനെതിരെയും സമാനമായ കാര്യം ചെയ്തിരുന്നു’, എന്നായിരുന്നു ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബന്ധു ടിര്‍ക്കി നേരത്തെ ആരോപിച്ചത്. സര്‍ക്കാരിനെ വീഴ്ത്താന്‍ വേണ്ടി മാത്രമാണ് എം.എല്‍.എമാര്‍ക്ക് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ജാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി. ശ്രമമാണ് ഇതെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കെതിരേ പിടിയിലായ എം.എല്‍.എമാരില്‍ ഒരാളായ ഇര്‍ഫാന്‍ അന്‍സാരിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.

അതേസമയം, ബി.ജെ.പിയുടെ ജാര്‍ഖണ്ഡിലെ ഓപ്പറേഷന്‍ താമര വെളിച്ചത്തായി എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌രാം രമേശ് പ്രതികരിച്ചത്.

Top