മേഘാലയയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി; 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു

ദില്ലി: മേഘാലയയില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ദേശീയ നേതൃത്വത്തെ കാഴ്ചക്കാരാക്കി മേഘാലയില്‍ 12 എംഎല്‍എമാര്‍ പാര്‍ട്ടി വിട്ടു. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിലാണ് ഇവര്‍ ചേര്‍ന്നത്.

സംസ്ഥാനത്ത് ആകെ 17 എംഎല്‍എമാരാണ് കോണ്‍ഗ്രസിനുള്ളത്. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം നാളെ നടക്കും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂല്‍ കോണ്‍ഗ്രസാവും.

നാളെ ഷില്ലോങില്‍ മുകുള്‍ സാങ്മ വാര്‍ത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കും. എംഎല്‍എമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുന്‍പ് ഇന്നലെ തന്നെ രണ്ട് നേതാക്കള്‍ കൂറുമാറിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പിസിസി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.

കോണ്‍ഗ്രസ് നേതൃത്വവുമായി കുറച്ച് നാളുകളായി ചേര്‍ച്ചയിലായിരുന്നില്ല സാങ്മ. താന്‍ പാര്‍ട്ടിയില്‍ ഒറ്റപ്പെടുന്നതായി തോന്നിയിട്ടുണ്ടെന്ന് സാങ്മ മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. കൊല്‍ക്കത്തയിലായിരുന്നപ്പോള്‍ മുകുള്‍ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

പ്രശാന്ത് കിഷോറുമായി അടുപ്പമുള്ള സാങ്മ അന്നേ ദിവസം പ്രശാന്തുമായും കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി വിടില്ലെന്ന് സാങ്മ നേരത്തെ പറഞ്ഞിരുന്നുവെങ്കിലും നിലവില്‍ സാങ്മയും സാങ്മയ്‌ക്കൊപ്പമുള്ള 12 പേരും കോണ്‍ഗ്രസ് വിട്ട് ടിഎംസിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

Top