വിവാദമുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടയുക എന്നത് കോണ്‍ഗ്രസ് തന്ത്രം; മുഖ്യമന്ത്രി

തിരുവനന്തപുരം: വിവാദമുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടയുക എന്ന കോണ്‍ഗ്രസ് തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ നന്ദി പ്രമേയ ചര്‍ച്ചയിലായിരുന്നു മന്ത്രിയുടെ പ്രതികരണം.

ഭരിക്കാനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസ്സമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും പരസ്പരം യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തില്‍ കാണുന്നത്. ജനങ്ങള്‍ക്ക് എല്‍ ഡി എഫില്‍ പ്രതീക്ഷയുണ്ട്. എല്‍ഡിഎഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടര്‍ന്നാല്‍ വിസ്മയകരമായ വികസനത്തിലേക്കു കേരളം ഉയരും എന്നതും ജനങ്ങള്‍ കാണുന്നുണ്ട്. ഇതറിയാത്തവരല്ല കോണ്‍ഗ്രസും ബിജെപിയും. അറിയുന്നതുകൊണ്ടുതന്നെ ഒറ്റക്കും കൂട്ടായും ഇതിനെ തടയാന്‍ ഇടപെടുകയാണ് ഇരുകൂട്ടരുമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

നല്ല നേട്ടങ്ങളെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ വല്ലാതെ ശ്രമിക്കുന്നു എന്നതാണ് കേരളത്തിന്റെ ദുരനുഭവം. 1957-59 ഘട്ടത്തില്‍ ഭൂപരിഷ്‌ക്കരണത്തെ അട്ടിമറിക്കാന്‍ ഇവിടെ അവിശുദ്ധകൂട്ടുകെട്ടുകളുണ്ടായി. ഇപ്പോള്‍ വികസനത്തെ അട്ടിമറിക്കാന്‍ സമാനമായ അവിശുദ്ധക്കൂട്ടുകെട്ട് ഇവിടെ ഉണ്ടാവുകയാണ്.

ഭൂപരിഷ്‌കരണമുണ്ടായാല്‍ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ പുരോഗമനപരമായി മാറിപ്പോകും എന്ന ആശങ്കയാണ് അന്ന് വലതുപക്ഷ കക്ഷികളെ ഒരുമിപ്പിച്ചതെങ്കില്‍ കെ-റെയില്‍ അടക്കമുള്ള വികസന പദ്ധതികളുണ്ടായാല്‍ തങ്ങള്‍ക്കു കളിക്കാന്‍ ഒരു കളവും അവശേഷിക്കില്ല എന്ന ഉത്കണ്ഠയാണ് എല്ലാ വലതുപക്ഷ ശക്തികളെയും ഒരുമിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Top