‘അമേഠിയിലെ രാഹുൽ ഗാന്ധിയെ തോൽവി, കോൺഗ്രസിനെ ഇപ്പോഴും വേദനിപ്പിക്കുന്നു; സ്‍മൃതി ഇറാനി

ദാവോസ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠിയിൽ രാഹുൽ ഗാന്ധിയെ താൻ തോൽപ്പിച്ചത് കോൺഗ്രസിന് ഇപ്പോഴും വേദനയുണ്ടാക്കുന്ന കാര്യമാണെന്ന് കേന്ദ്രമന്ത്രി സ്‍മൃതി ഇറാനി. രാഹുൽ ഗാന്ധിയെ ഞാൻ തോൽപ്പിച്ചു എന്ന വസ്തുത ഇതുവരെ അവർക്ക് അംഗീകരിക്കാനായിട്ടില്ലെന്നും സ്‍മൃതി പറഞ്ഞു. സ്വിറ്റ്‌സർലൻഡിലെ ദാവോസിൽ നടന്ന ലോക സാമ്പത്തിക ഫോറത്തിൽ സംസാരിക്കുകയായിരുന്നു സ്‍മൃതി ഇറാനി. 2019 ലെ പൊതു തെരഞ്ഞെടുപ്പിലാണ് കോൺഗ്രസിന്റെ ശക്തികേന്ദ്രമായ അമേഠിയിൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷനായ രാഹുൽ ഗാന്ധിയെ അട്ടിമറിച്ച് സ്‍മൃതി വൻ വിജയം നേടിയത്.

‘ഭാവിയിലെ വെല്ലുവിളികളെ നേരിടാൻ പ്രാപ്തരാവണം നേതൃത്വം. ഞങ്ങൾ മത്സര ബുദ്ധിയുള്ളവരും സഹകരണ മനോഭാവം പുലർത്തുന്നവരുമാണ്. എന്നാൽ രാഹുലിനെ അമേഠിയിൽ താൻ തോൽപ്പിച്ചെന്നത് ഇതുവരെ അംഗീകരിക്കാനാവാത്ത, അതിൽ വേദനിക്കുന്നരാണ് കോൺഗ്രസുകാർ’- സ്‍മൃതി ഇറാനി പറഞ്ഞു. അവരുടെ വേദനയുടെയും അസ്വസ്ഥതയുടെയും ആഴം എത്രയെന്ന് നിങ്ങൾക്ക് കരുതാനാവുമോ ? ഓരോ ദിവസവും തനിക്കെതിരെ ഒരു ട്വീറ്റുകൊണ്ടോ അല്ലെങ്കിൽ ഏതെങ്കിലും ചിത്രങ്ങൾ കൊണ്ടോ എന്നെ പ്രഹരിക്കാമെന്നാണ് അവർ കരുതുന്നത്- സ്മൃതി കുറ്റപ്പെടുത്തി.

ദാവോസിൽ വിലപ്പെട്ട സമയം കോൺഗ്രസിന് വേണ്ടി മാറ്റി വെക്കുന്നില്ല. ഇന്ത്യയിലെ സ്ത്രീകളുടെയും കുട്ടികളുടെയും കാര്യങ്ങൾ ചർച്ച ചെയ്യാനാണ് താനിവിടെ എത്തിയതെന്നും വനിതാ ശിശുക്ഷേമ ന്യൂനപക്ഷകാര്യ മന്ത്രിയായ സ്‍മൃതി ഇറാനി വ്യക്തമാക്കി.
താനുൾപ്പെടെയുള്ള മന്ത്രിമാർ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർത്തുന്നതിനും പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടു വയ്ക്കുന്ന പ്രവർത്തനങ്ങളെ ഉയർത്തിക്കാട്ടാനുമാണ് പ്രവർത്തിക്കുന്നത്. രാജ്യത്തിന്റെ ആരോഗ്യ സംരക്ഷണ മേഖലയ്ക്കും, വിദ്യാഭ്യാസ മേഖലയുടെയും സമഗ്രമായ പുരോഗതി ലക്ഷ്യം വച്ചുള്ള പ്രവർത്തനമാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പാക്കുന്നതെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി.

Top