രാജസ്ഥാനിലെ രാഷ്ട്രീയ വിവാദം കോടതിയില്‍ തുടരുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നത

ന്യൂഡല്‍ഹി: രാജസ്ഥാനിലെ രാഷ്ട്രീയത്തില്‍ ഉടലെടുത്ത പ്രതിസന്ധിയെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നത. സംസ്ഥാനത്തെ രാഷ്ട്രീയ വിവാദം നിയമപരമായി സുപ്രീംകോടതിയില്‍ തുടരുന്നതിനെ ചൊല്ലിയാണ് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂപപ്പെട്ടത്. ഹര്‍ജി കോടതിയില്‍ നിന്ന് പിന്‍വലിച്ച് വിഷയം രാഷ്ട്രീയമായി കൈകാര്യം ചെയ്യണമെന്നാണ് ഒരു വിഭാഗത്തിന്റെ ആഗ്രഹമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

സുപ്രീം കോടതിയിലെ ഹര്‍ജി പിന്‍വലിക്കണമെന്നും വിഷയം രാഷ്ട്രീയമായി പരിഗണിക്കണമെന്നും നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം, നിയമപരമായി തുടരണമെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്. കഴിഞ്ഞയാഴ്ച സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമതന്മാര്‍ക്കു നേരെ തല്‍ക്കാലം നടപടി പാടില്ലെന്ന് രാജസ്ഥാന്‍ ഹൈക്കോടതി വിധിച്ചിരുന്നു.

കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടിസിനെതിരെ സച്ചിന്‍ പൈലറ്റും 18 വിമത എംഎല്‍എമാരും നല്‍കിയ കേസിലായിരുന്നു ഹൈക്കോടതി വിധി. വിധി വരുന്നതുവരെ നടപടി എടുക്കരുതെന്ന് ഹൈക്കോടതി സ്പീക്കറോട് നേരത്തേ അഭ്യര്‍ഥിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹൈക്കോടതി നടപടികള്‍ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ സുപ്രീംകോടതിയെ സമീപിച്ചു.

എന്നാല്‍ വിധി പറയുന്നതില്‍ നിന്നു ഹൈക്കോടതിയെ തടയാനാകില്ലെന്ന നിലപാടാണ് സുപ്രീംകോടതിയും സ്വീകരിച്ചത്. ഹര്‍ജിയില്‍ കൂടുതല്‍ വാദം കേള്‍ക്കാനായി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു.

പാര്‍ട്ടി നിര്‍ദേശങ്ങള്‍ അവഗണിച്ചു സച്ചിനുള്‍പ്പെടെയുള്ള എംഎല്‍എമാര്‍ പാര്‍ട്ടി നിയമസഭാ കക്ഷി യോഗത്തില്‍നിന്നു രണ്ടു തവണ വിട്ടുനിന്നു എന്നു കാണിച്ച് ചീഫ് വിപ്പ് മഹേഷ് ജോഷിയാണ് സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. കൂറുമാറ്റ നിയമപ്രകാരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ വിമത എംഎല്‍എമാര്‍ക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയത്. ഇതിനെതിരെയാണ് സച്ചിന്‍ പൈലറ്റും 18 എംഎല്‍എമാരും ഹൈക്കോടതിയെ സമീപിച്ചത്.

Top