congress sp seat sharing mulayam singh comments aganist akhilesh party.

ലക്‌നൗ: യുപിയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേണ്ടിയിരുന്നില്ലെന്ന മുലായം സിങ് യാദവിന്റെ നിലപാടിനെ തള്ളി സമാജ്‌വാദി പാര്‍ട്ടി.

മുലായത്തിന്റെ നിലപാടുകളെ ബഹുമാനിക്കുന്നു. എന്നിരുന്നാലും കോണ്‍ഗ്രസുമായുള്ള സഖ്യവുമായി മുന്നോട്ടു പോകുമെന്നു പാര്‍ട്ടി വക്താവ് രവിദാസ് മെഹ്‌റോത്ര വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അഖിലേഷുമായുള്ള സംയുക്ത തിരഞ്ഞെടുപ്പു പ്രചാരണ റാലിക്കു പിന്നാലെയാണു മുലായം കോണ്‍ഗ്രസുമായുള്ള സഖ്യത്തെ എതിര്‍ത്തു സംസാരിച്ചത്.

സഖ്യത്തിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങില്ലെന്നും പാര്‍ട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവര്‍ക്കു സീറ്റു ലഭിച്ചില്ലെന്നുമായിരുന്നു മുലായത്തിന്റെ വിമര്‍ശനം.

മുലായത്തിന്റെ നിലപാടിനു കാരണം അറിയില്ലെന്നും എന്താണെങ്കിലും കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍നിന്നു പിന്നോട്ടില്ലെന്നും പാര്‍ട്ടി വക്താവും ലോക്‌സഭാ എംപിയുമായ രവിദാസ് മെഹ്‌റോത്ര പറഞ്ഞു. അതേസമയം, മുലായത്തെ അനുനയിപ്പിക്കാന്‍ അഖിലേഷ് യാദവ് ശ്രമം തുടങ്ങി.

മുലായം എന്നും കോണ്‍ഗ്രസിന്റെ പ്രത്യയ ശാസ്ത്രങ്ങള്‍ക്ക് എതിരായിരുന്നു. എന്നാല്‍ കാലം മാറിയെന്നും നിലവിലെ സാഹചര്യത്തില്‍ സഖ്യം ആവശ്യമാണെന്നും സമാജ് വാദി പാര്‍ട്ടിയുടെ ലോക്‌സഭാ എംപി ജൂഹി സിങ് വ്യക്തമാക്കി

ലക്‌നൗ, കിഴക്കന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജയിക്കാന്‍ മുലായത്തിന്റെ പിന്തുണ ആവശ്യമാണെന്നാണു വിലയിരുത്തുന്നത്. റായ്ബറേലി, അമേഠി എന്നിവിടങ്ങളിലെ പത്തു സീറ്റുകളും കോണ്‍ഗ്രസിനു വിട്ടുകൊടുക്കാനുള്ള തീരുമാനമാണു മുലായത്തെ പ്രകോപിപ്പിച്ചതെന്നാണു സൂചന.

Top