ലഖീംപൂര്‍ സംഘര്‍ഷം; കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്

ന്യൂഡല്‍ഹി: ലഖീംപൂര്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് മൗനവ്രത പ്രക്ഷോഭത്തിന്. ഒക്ടോബര്‍ പതിനൊന്ന് തിങ്കളാഴ്ച രാവിലെ പത്തു മുതല്‍ ഒരു മണി വരെ എല്ലാ സംസ്ഥാനങ്ങളിലും രാജ്ഭവനുകള്‍ക്കു മുന്‍പിലോ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്കു മുന്‍പിലോ കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലാണ് മൗനവ്രത സമരം നടത്തുക. മുതിര്‍ന്ന നേതാക്കളും, എംപിമാരും, എം എല്‍ എമാരും, പാര്‍ട്ടി ഭാരവാഹികളും മൗനവ്രതത്തില്‍ പങ്കുചേരുമെന്ന് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അറിയിച്ചു.

ലഖീംപൂരില്‍ കര്‍ഷകര്‍ക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ കാറോടിച്ചു കയറ്റി കര്‍ഷകരടക്കം എട്ടു പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിനൊരുങ്ങുന്നത്.

രാജ്യം നടുങ്ങിയ ഒരു വലിയ ദുരന്തമുണ്ടായിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയോ ആഭ്യന്തരമന്ത്രി അമിത് ഷായോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിനുത്തരവാദിയായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ സംരക്ഷിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നത്. ഈ സാഹചര്യത്തില്‍ അജയ് മിശ്രയെ മന്ത്രിസഭയില്‍ നിന്നും ഉടനടി നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി മൗനവ്രത സമരം സംഘടിപ്പിക്കുന്നത്.

Top