കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ടീയം കളിച്ചു; വിമര്‍ശനവുമായി അമിത് ഷാ

മുംബൈ: കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ടീയം കളിച്ചുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു രാജ്യം ഒരു പ്രധാനമന്ത്രി, ഒരു ഭരണഘടന എന്ന ആശയത്തിനായാണ് ബി.ജെ.പി പോരാടിയത്. ദേശ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും വേണ്ടിയാണ് കശ്മീരിന് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പ് ബി.ജെ.പി സര്‍ക്കാര്‍ റദ്ദ് ചെയ്തത്. എന്നാല്‍ ഇതിനെ എതിര്‍ത്ത കോണ്‍ഗ്രസ് വിഷയത്തില്‍ രാഷ്ട്രീയം കളിക്കുകയായിരുന്നെന്ന് അമിത് ഷാ ആരോപിച്ചു.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് എല്ലാ ഇന്ത്യക്കാരും പറഞ്ഞുകൊണ്ടിരുന്നു. എന്തുകൊണ്ടാണത് പറഞ്ഞിരുന്നത്. കാരണം അനുച്ഛേദം 370 കശ്മീരിന് ഒരു തടസ്സമായിരുന്നു. എന്നാലിപ്പോള്‍ കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് തനിക്ക് അഭിമാനത്തോടെ പറയാനാകും. കാരണം ഇനി ഇവിടെ 370, 35 എ എന്നീ അനുച്ഛേദങ്ങള്‍ ഇല്ല- അമിത് ഷാ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റ് 5 നാണ് കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന അനുച്ഛേദം 370 കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത്. ബി.ജെ.പിയുടെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു സര്‍ക്കാര്‍ ഇതിലൂടെ നടപ്പിലാക്കിയത്. ഇതിന് പിന്നാലെ കശ്മീരില്‍ കടുത്ത നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു.

Top