കോണ്‍ഗ്രസ് വിടുന്നോ? അഭ്യൂഹങ്ങള്‍ തള്ളി ജ്യോതിരാദിത്യ സിന്ധ്യ

ഭോപ്പാല്‍: ട്വിറ്ററില്‍ നിന്ന് ‘കോണ്‍ഗ്രസ് ബന്ധം’ വെട്ടിയതിനെ തുടര്‍ന്ന് പാര്‍ട്ടി വിടാനൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ തള്ളി ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററിലെ പദവി ചുരുക്കണമെന്ന നിര്‍ദ്ദേശം മാനിച്ചാണ് ഇക്കാര്യം ചെയ്തത്. താന്‍ ട്വിറ്ററില്‍ കോണ്‍ഗ്രസ് നേതാവെന്ന പദവി ഒഴിവാക്കിയിട്ട് ഒരുമാസമായെങ്കിലും ആളുകള്‍ ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ട്വിറ്റര്‍ ബയോയില്‍ നിന്ന് മുന്‍ എം.പി, യു.പി.എ. സര്‍ക്കാരിലെ മുന്‍ മന്ത്രി, തുടങ്ങിയ വിവരങ്ങളാണ് ജ്യോതിരാദിത്യ സിന്ധ്യ നീക്കം ചെയ്തത്. പകരം പൊതുജനസേവകനെന്നും ക്രിക്കറ്റ് ഭ്രാന്തനെന്നും മാത്രമാണ് ട്വിറ്ററില്‍ ചേര്‍ത്തിരിക്കുന്നത്. ഇതോടെയാണ് സിന്ധ്യ കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.

മധ്യപ്രദേശിലെ എം.എല്‍.എമാരെ കാണാനില്ലെന്ന വാര്‍ത്തയും വസ്തുതക്ക് നിരക്കാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. ‘ഈ കിംവദന്തികള്‍ അസംബന്ധമാണ്. ആരെയാണ് കാണാതായത്. അവരുടെ പേര് പറയു. അവരുമായി ഇപ്പോള്‍ ഫോണില്‍ സംസാരിക്കാം’ അദ്ദേഹം പ്രതികരിച്ചു.

20 കോണ്‍ഗ്രസ് എം.എല്‍.എമാരെ രണ്ട് ദിവസമായി കാണാനില്ലെന്ന വാര്‍ത്തയോടെയാണ് അഭ്യൂഹങ്ങള്‍ തുടങ്ങിയത്. കോണ്‍ഗ്രസുമായി ഇടഞ്ഞ് നില്‍ക്കുന്ന ജ്യോതിരാദിത്യ സിന്ധ്യയുമായി അടുപ്പം പുലര്‍ത്തുന്ന എം.എല്‍.എമാരെയാണ് കാണാതായതെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. സിന്ധ്യയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ വരുത്തിയ മാറ്റങ്ങളും സംശയങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു.

Top