പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം; രാഷ്ട്രപതിയെ ഒഴിവാക്കിയെന്ന് കോണ്‍ഗ്രസ്, പ്രോട്ടോക്കോള്‍ ലംഘനം

ദില്ലി: പുതിയ പാർലമെന്റ് മന്ദിര ഉദ്ഘാടനം വിവാദത്തിലേക്ക്. രാഷ്ട്രപതിയെ ക്ഷണിച്ചിട്ടില്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ കുറ്റപ്പെടുത്തി. മുൻ രാഷ്ട്രപതിയേയും ഒഴിവാക്കി. ഇരുസഭകളുടെയും നാഥനായ രാഷ്ട്രപതിയാണ് പാർലമെന്റ് ഉദ്ഘാടനം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നടക്കുന്നത് പ്രോട്ടോക്കോൾ ലംഘനമെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. ഉദ്ഘാടനത്തിന് ക്ഷണക്കത്തയപ്പിച്ചത് ലോക് സഭ സ്പീക്കറെ കൊണ്ടാണ്. രാജ്യസഭ അധ്യക്ഷനായ ഉപരാഷ്ട്രപതിയെ നോക്കുകുത്തിയാക്കിയെന്നും ആക്ഷേപമുണ്ട്.

പുതിയ പാര്‍ലമെന്റ് മന്ദിരം പ്രധാനമന്ത്രിയല്ല രാഷ്ട്രപതിയാണ് ഉദ്ഘാടനം ചെയ്യേണ്ടതെന്ന് രാഹുല്‍ ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയരുന്നു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.

പുതിയ പാര്‍ലമെന്റ് മന്ദിരം മോദിയുടെ പൊങ്ങച്ച പ്രോജക്ടാണെന്ന് ദിവസം കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പരിഹസിച്ചിരുന്നു. അടുത്ത ഞായറാഴ്ച പ്രധാനമന്ത്രിയാണ് പുതിയ പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്.

Top