കുല്‍ഭൂഷന്റെ കുടുംബം അപമാനിക്കപ്പെട്ടത് രാജ്യത്തിന്റെ നയതന്ത്ര പരാജയമെന്ന് കോണ്‍ഗ്രസ്സ്

ന്യൂഡല്‍ഹി: പാക്കിസ്ഥാനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബം അപമാനിക്കപ്പെട്ട സംഭവം കേന്ദ്ര സര്‍ക്കാറിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും നയതന്ത്ര പരാജയമെന്ന് കോണ്‍ഗ്രസ്സ്.

കുല്‍ഭൂഷന്റെ കുടുംബത്തിന് അപമാനം നേരിട്ടിരിക്കുന്നുവെന്നും, കുല്‍ഭൂഷന്റെ കുടുംബത്തിന് എന്തുതരത്തിലുള്ള പ്രോട്ടോക്കോളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കണമെന്നും കോണ്‍ഗ്രസ്സ് നേതാവ് വീരപ്പ മൊയ്‌ലി ആവശ്യപ്പെട്ടു.

കുല്‍ഭൂഷണ്‍ ജാദവിന്റെ കുടുംബാംഗങ്ങള്‍ക്ക് പാക്ക് അധികൃതരില്‍നിന്ന് മോശമായ പെരുമാറ്റം നേരിടേണ്ടിവന്ന സംഭവത്തില്‍ പ്രതിഷേധവുമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഇന്ന് പാര്‍ലമെന്റില്‍ രംഗത്തെത്തിയിരുന്നു.

കുല്‍ഭൂഷനെ രാജ്യത്ത് തിരിച്ചെത്തിക്കണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു.

കുല്‍ഭൂഷനെ സന്ദര്‍ശിക്കാന്‍ പാക്കിസ്ഥാനിലെത്തിയ അദ്ദേഹത്തിന്റെ ഭാര്യക്കും അമ്മക്കും മോശം പെരുമാറ്റം നേരിടേണ്ടിവന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസ്സ്, ശിവസേന, തൃണമൂല്‍ കോണ്‍ഗ്രസ്സ്, എ.ഐ.എ.ഡി.എം.കെ എന്നിവര്‍ പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയത്.

വിഷയത്തില്‍ സര്‍ക്കാര്‍ മൗനം വെടിയണമെന്ന് ശിവസേനയും ആവശ്യപ്പെട്ടു.

കുല്‍ഭൂഷണ്‍ കുല്‍ഭൂഷന്റെ ഭാര്യയുടെ താലിമാലവരെ അഴിച്ചുവാങ്ങിയ സംഭവം രാജ്യത്തെ അപമാനിക്കുന്ന തരത്തിലുള്ളതാണെന്നായിരുന്നു എ.ഐ.എ.ഡി.എം.കെ ചൂണ്ടിക്കാട്ടിയത്.

അതേസമയം, സംഭവത്തില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രസ്താവന നടത്തുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

Top