കോണ്‍ഗ്രസ്സ് ആര്‍എസ്എസിന് കീഴടങ്ങിയെന്ന് ഡി.വൈ.എഫ്.ഐ

കണ്ണൂര്‍ : കോണ്‍ഗ്രസ്സ് ആര്‍എസ്എസിന് കീഴടങ്ങിയെന്ന് ഡി.വൈ.എഫ്.ഐ. യൂത്ത് സ്ട്രീറ്റ് ഡി.വൈ.എഫ്.ഐ. വടക്കന്‍ മേഖലാ ജാഥ ക്യാപ്റ്റന്‍ എ എ റഹീമും ജാഥാ അംഗങ്ങളും നടത്തുന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

ആര്‍എസ്എസിന് കോണ്‍ഗ്രസ്സും യൂത്ത്‌കോണ്ഗ്രസ്സും കീഴ്‌പ്പെട്ടതിന്റെ മറ്റൊരു ഉദാഹരണമാണ് ഗീതാഗോപി എംഎല്‍എ യെ അധിക്ഷേപിക്കാന്‍ ചാണക വെള്ളം തളിച്ച സംഭവം. ചാണകവെള്ളം തളിച്ച് ശുദ്ധിക്രിയ നടത്തല്‍ ആര്‍എസ്എസിന്റെ സവര്‍ണ്ണ ജാതിബോധമാണ്. ഉത്തരേന്ത്യയില്‍ ഉടനീളം ആര്‍എസ്എസ് നടപ്പിലാക്കുന്നത് കേരളത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് പകര്‍ത്തുകയാണ്. ആര്‍എസ്എസിന്റെ നയങ്ങള്‍ക്കും രീതികള്‍ക്കും കോണ്‍ഗ്രസ്സ് കീഴ്‌പ്പെടുന്നതിന്റെ ഉദാഹരണമാണെന്നും ഡിവൈഎഫ്‌ഐ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.

ഗീത ഗോപി ഇരുന്ന് പ്രതിഷേധിച്ച ചേര്‍പ്പ് സിവില്‍ സ്റ്റേഷനിലെ പൊതുമരാമത്ത് ഓഫിസിന് മുന്നില്‍ ചാണക വെള്ളം തളിച്ചുള്ള യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം സവര്‍ണ്ണ ജാതി ബോധത്തില്‍ അവര്‍ ആര്‍.എസ്.എസ് നോട് കിടപിടിക്കുന്നു എന്നതിന് തെളിവാണ്.

യൂത്ത്‌കോണ്‍ഗ്രസ്സ് രാജ്യത്തിനാകെ അപമാനമാവുകയാണ്. വര്‍ഗീയ ശക്തികള്‍ അധികാരം കയ്യാളുന്ന രാജ്യത്ത് ദളിത് ജനത ക്രൂരമായ പീഡനങ്ങള്‍ക്കും, അക്രമങ്ങള്‍ക്കും ഇരകളാകുമ്പോള്‍, വര്‍ഗീയ ശക്തികളെ മാതൃകയാക്കി യൂത്ത് കോണ്‍ഗ്രസ്സ് നടത്തിയത് ഹീനമായ ജാതി അധിക്ഷേപമാണ്. ബി.ജെ.പി.യും, ആര്‍.എസ്.എസ്സും രാജ്യത്ത് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സവര്‍ണ്ണ മേധാവിത്വത്തിന്റെ പിന്‍മുറക്കാരാകുകയാണ് കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍.

ജനാധിപത്യത്തിന് തന്നെ വെല്ലുവിളിയാകുന്ന തരത്തില്‍ ജാതീയത യൂത്ത് കോണ്ഗ്രസ്സ് കേരളത്തില്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നു. ഇന്ത്യന്‍ ഭരണഘടനയിലെ പൗരന്റെ മൗലികാവകാശങ്ങള്‍ വിഭാവനം ചെയ്യുന്ന സമത്വം എന്ന ആശയത്തെ ചോദ്യം ചെയ്യുന്ന തരത്തില്‍ പട്ടിക ജാതി വിഭാഗത്തിലുള്ള ഒരു വനിതാ നിയമസഭാ അംഗത്തെ ഹീനമായ രീതിയില്‍ ജാതി അധിക്ഷേപത്തിനിരയാക്കിയ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തര്‍ കുറ്റക്കാരാണ്. ഈ സംഭവത്തില്‍ കെപിസിസി നേതൃത്വം ഒരക്ഷരം മിണ്ടിയിട്ടില്ല. ഈ നിന്ദ്യമായ രീതിയെ നിശബ്ദമായി കോണ്‍ഗ്രസ്സ് നേതൃത്വം പിന്തുണയ്ക്കുന്നത് ആര്‍എസ്എസിന് അവര്‍ പൂര്‍ണമായി കീഴ്‌പ്പെട്ടതു കൊണ്ടാണ്.

ജാതീയതക്ക് എതിരെ ഐതിഹാസിക സമരങ്ങള്‍ നയിച്ച ശ്രീനാരായണ ഗുരിവിനെയും, അയ്യങ്കാളിയെയും പോലെ ഉള്ള മഹാരഥന്മാര്‍ നവോഥാനത്തില്‍ ഏറെ മുന്നിലെത്തിച്ച കേരളത്തിന് അപമാനകരമാകുന്ന രീതിയില്‍ യൂത്ത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ സംസ്‌ക്കാരം തരംതാഴ്ന്നിരിക്കുന്നു.

യൂത്ത് സ്ട്രീറ്റിന്റെ പ്രചരണാര്‍ഥം നടത്തുന്ന സംസ്ഥാന ജാഥയില്‍ ഡി.വൈ.എഫ്.ഐ ഉയര്‍ത്തിക്കാട്ടുന്നത് ‘വര്‍ഗീയത വേണ്ട ജോലി മതി ‘ എന്ന മുദ്രാവാക്യമാണ്. വര്‍ഗീയതക്കും, ജാതീയതയ്ക്കും എതിരെ ശക്തമായ പ്രതിരോധമാണ് ഡി.വൈ. എഫ് .ഐ നടത്തുന്നതെന്നും വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി.

Top