ജാതി സെന്‍സസ് ഉറപ്പായും നടത്തും; രാജസ്ഥാനില്‍ പ്രകടന പത്രിക പുറത്തിറക്കി കോണ്‍ഗ്രസ്

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പുറത്തിറക്കി. അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് ഉറപ്പായും നടത്തുമെന്ന് കോണ്‍ഗ്രസ്. 25 ലക്ഷം രൂപയുടെ ചിരഞ്ജീവി ആരോഗ്യ ഇന്‍ഷ്വറന്‍സ്, 500 രൂപക്ക് ഗ്യാസ് സിലിണ്ടര്‍. കുടുംബത്തിലെ മുതിര്‍ന്ന വനിതക്ക് പതിനായിരം രൂപ വാര്‍ഷിക സഹായമടക്കം നേരത്തെ പ്രഖ്യാപിച്ച 7 ഗ്യാരന്റികളും പ്രകടനപത്രികയില്‍ ഇടം നേടി.

പഞ്ചായത്ത് നിയമനങ്ങള്‍ക്ക് പ്രത്യേക റിക്രൂട്ട്‌മെന്റ്, സ്വാമിനാഥന്‍ കമ്മീഷന്‍ ശുപാര്‍ശയനുസരിച്ച് താങ്ങുവില ഉറപ്പാക്കാന്‍ പ്രത്യേക നിയമം തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിലുണ്ട്. ശനിയാഴ്ചയാണ് രാജസ്ഥാനില്‍ വോട്ടെടുപ്പ്. അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ തമ്മിലടിയും രൂക്ഷമാണ്.

മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തമ്മിലുള്ള പോരിന് അയവില്ല. സച്ചിന്‍ പൈലറ്റുമായി ഒരു പ്രശ്‌നവുമില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗലോട്ട് പ്രതികരിച്ചെങ്കിലും പരസ്പരമുള്ള പോര് അയയുന്നില്ല.രണ്ട് ബാറ്റ്‌സ്മാന്‍ മാര്‍ പരസ്പരം റണൗട്ടാക്കാന്‍ നോക്കുന്നവെന്ന പരിഹാസം ഗലോട്ടിനും സച്ചിനുമെതിരെ റാലികളില്‍ ആവര്‍ത്തിച്ചുന്നയിച്ച് കോണ്‍ഗ്രസിലെ തമ്മിലടി പ്രധാനമന്ത്രി കത്തിക്കുകയാണ്. ആഭ്യന്തര കലഹത്തില്‍ വലഞ്ഞിരുന്ന ബിജെപിക്ക് സച്ചിന്‍ ഗോലോട്ട് പോര് അവസാനഘട്ടത്തില്‍ ആയുധമായിരിക്കുകയാണ്.

Top