സുധീരന്റെ രാജി തള്ളി കോണ്‍ഗ്രസ് നേതൃത്വം, പ്രശ്‌ന പരിഹാരം തന്നെ മുന്നില്‍ !

തിരുവനന്തപുരം: വി.എം സുധീരന്റെ രാജി തള്ളി കോണ്‍ഗ്രസ് നേതൃത്വം. എഐസിസിയില്‍ നിന്നുള്ള രാജിയാണ് നേതൃത്വം തള്ളിയത്. വി.എം സുധീരന്റെ രാജി അംഗീകരിച്ചിട്ടില്ലെന്നും ആശയ വിനിമയ പ്രശ്നം മാത്രമെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വിശദീകരിച്ചു.

കെപിസിസി പുനഃസംഘടന ഒക്ടോബറില്‍ പൂര്‍ത്തിയാക്കുമെന്നും, സെമി കേഡര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത് പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത ശേഷം തീരുമാനിക്കുമെന്നും അറിയിച്ചു.

കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് വി.എം സുധീരന്‍ രാജിവച്ചത് ശനിയാഴ്ചയാണ്. അതിനു പിന്നാലെ എഐസിസി അംഗത്വവും രാജിവച്ചിരുന്നു. കേരളത്തിലെ വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഹൈക്കമാന്‍ഡ് ഫലപ്രദമായി ഇടപെട്ടില്ലെന്നാണ് ആക്ഷേപം. സംസ്ഥാന നേതൃത്വം കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും നേതൃതലത്തിലെ മാറ്റം പ്രതീക്ഷിച്ച ഗുണം ചെയ്യുന്നില്ലെന്നും വി.എം സുധീരന്‍ പറഞ്ഞു. തീരുമാനങ്ങള്‍ ഏകപക്ഷീയമാണെന്നും സുധീരന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മാത്രമല്ല, രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ നേരത്തെ അറിയിച്ചിരുന്നു. താനുമായി ചര്‍ച്ച നടത്തിയതില്‍ ഹൈക്കമാന്‍ഡിന് നന്ദി അറിയിക്കുന്നുവെന്നും പുതിയ നേതൃത്വം പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെന്നും സുധീരന്‍ പ്രതികരിച്ചു. തെറ്റായ ശൈലിയും അനഭിലഷണീയ നടപടിയുമാണ് തന്റെ പ്രതികരണത്തിന് കാരണമായതെന്നും പങ്കുവെച്ച തന്റെ ആശങ്കയാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം സുധീരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാത്രമല്ല, തെറ്റായ നടപടി തിരുത്താന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും അതിനായി കാത്തിരിക്കുന്നുവെന്നും വി എം സുധീരന്‍ അഭിപ്രായപ്പെട്ടു. ഉചിതമായ പരിഹാരം ഉണ്ടാകുമോ എന്നതാണ് ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Top