Congress rebels ‘sting’ Rawat, Uttarakhand CM

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത് എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്.
വിമത എംഎല്‍എമാരാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. തിങ്കളാഴ്ച വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാരിനെതിരെ പുതിയ ആരോപണവുമായി എംഎല്‍എമാര്‍ രംഗത്തെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ വീഴാതിരിക്കാന്‍ മുഖ്യമന്ത്രി കുതിരക്കച്ചവടത്തിന് ശ്രമിക്കുകയാണെന്ന് വിമത എംഎല്‍എമാര്‍ ആരോപിച്ചു. ഗവണ്‍മെന്റിന്റെ കുത്സിത പ്രവര്‍ത്തികളിലൂടെ തങ്ങളുടെ വായടപ്പിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുകയാണെന്ന് എംഎല്‍എമാര്‍ ആരോപിച്ചു. മാര്‍ച്ച് 23നാണ് ഈ സംഭവം നടന്നതെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കുന്നു.

അതേസമയം പുറത്തു വന്ന ഒളിക്യാമറാ ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതും വ്യാജമെന്നും മുഖ്യമന്ത്രി ഹരീഷ് റാവത്ത് പ്രതികരിച്ചു. പുറത്തു വന്ന ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അഴിമതിയാരോപണം ഉന്നയിച്ച് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹുഗുണയുള്‍പ്പടെയുള്ള ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹരീഷ് റാവത്തിന്റെ രാജി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. 70 അംഗ നിയമസഭയില്‍ 36 എംഎല്‍എമാരുടെ ബലത്തിലാണ് ഹരീഷ് റാവത്ത് സര്‍ക്കാര്‍ രൂപീകരിച്ചത്. പ്രതിപക്ഷമായ ജിജെപിക്ക് നിയമസഭയില്‍ 28 എംഎല്‍എമാരുണ്ട്. വിമതരായ ഒന്‍പത് കോണ്‍ഗ്രസ് എംഎല്‍എമാരുടെ പിന്തുണ കൂടി ലഭിച്ചതോടെ 37 പേരുടെ അംഗബലത്തോടെ സര്‍ക്കാരുണ്ടാക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.

Top