congress rebel candidate in irikkoor

ആലക്കോട്: ഇരിക്കൂര്‍ നിയമസഭ മണ്ഡലത്തില്‍ തുടര്‍ച്ചയായി എട്ടാം തവണയും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി മത്സര രംഗത്തിറങ്ങിയ മന്ത്രി കെ.സി. ജോസഫിനെതിരെ കോണ്‍ഗ്രസ് ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും രോഷം ശമിക്കുന്നില്ല. കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സജീവ് ജോസഫ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ഇരിക്കൂറില്‍ മത്സരിക്കാനുള്ള തയ്യാറെടുപ്പിലാണ്.

അദ്ദേഹത്തെ അനുകൂലിക്കുന്ന കോണ്‍ഗ്രസിലെയും യൂത്ത് കോണ്‍ഗ്രസിലെയും കെ.എസ്.യുവിലെയും ഭാരവാഹികള്‍ ഗ്രൂപ്പ് വ്യത്യാസമില്ലാതെ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച ശേഷം ഇരിക്കൂറില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സജീവ് ജോസഫിന് വേണ്ടി ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നാണ് അറിയുന്നത്. കെ.സി. ക്കെതിരെ ഇരിക്കൂറില്‍ റിബല്‍ സ്ഥാനാര്‍ത്ഥിയായി രംഗത്തുവന്നിട്ടുള്ള ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി മുന്‍ പ്രസിഡന്റ് കെ.ആര്‍. അബ്ദുള്‍ഖാദര്‍ സജീവ് ജോസഫിന് വേണ്ടി പിന്മാറി അദ്ദേഹത്തിന് പിന്തുണ നല്‍കാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ നാളെ കണ്ണൂരില്‍ പ്രഖ്യാപിക്കുമെന്ന് സജീവ് ജോസഫ് പറഞ്ഞു.

ഇരിക്കൂറിലെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദ്ദേശിച്ചത് വിശാല ഐ ഗ്രൂപ്പുകാരനായ അഡ്വ. സജീവ് ജോസഫിനെയായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി കെ.സിയെ എട്ടാം തവണയും ഇവിടെ സ്ഥാനാര്‍ത്ഥിയാക്കുകയായിരുന്നുവത്രെ. ഇത് സംബന്ധിച്ച് യു.ഡി.എഫിലും കോണ്‍ഗ്രസിലും അമര്‍ഷം പുകയുന്നതിനിടെയാണ് സജീവ് ജോസഫ് പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവച്ച് സ്വതന്ത്രനായി മത്സരിക്കുമെന്ന വിവരം പുറത്തുവന്നത്. ഇരിക്കൂര്‍ മണ്ഡലത്തിലെ ഉളിക്കല്‍ സ്വദേശിയാണ്.

Top