എഎപിയും സമാജ്‌വാദി പാര്‍ട്ടിയുമായി സീറ്റ് ധാരണയിലെത്തി കോൺഗ്രസ്;ഇൻഡ്യാ മുന്നണിക്ക് ആശ്വാസം

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ കോൺഗ്രസും, ആം ആദ്മി പാർട്ടിയും, സമാജ്‌വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പ് ധാരണയിലെത്തിയത് ഇൻഡ്യാ മുന്നണിക്ക് ആശ്വാസമായി. ആന്ധ്രാപ്രദേശിൽ ഇടതുപാർട്ടികളുമായും നേരത്തെ കോൺഗ്രസ് ധാരണയിലെത്തിയിരുന്നു. മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻസി-ശിവസേന ഉദ്ധവ് താക്കറെ സഖ്യചർച്ച പുരോഗമിക്കുകയാണ്. തമിഴ്നാട്ടിൽ നിലവിൽ ഇൻഡ്യ സഖ്യത്തിൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയാണ് അധികാരത്തിലിരിക്കുന്നത്. ബിഹാറിൽ മഹാസഖ്യ സർക്കാർ അധികാരത്തിൽ നിന്നും പുറത്തായെങ്കിലും ആർജെഡി-കോൺഗ്രസ്-ഇടതുസഖ്യത്തിന് സീറ്റു ധാരണയിലെത്താൻ നിലവിൽ തടസ്സങ്ങളില്ല.

പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് നേതൃത്വം സഖ്യത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും സംസ്ഥാന തലത്തിലുള്ള ആശയക്കുഴപ്പം നിലനിൽക്കുകയാണ്. പശ്ചിമബംഗാളിൽ തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ് ധാരണ സാധ്യമായില്ലെങ്കിൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിലുള്ള ധാരണയ്ക്കും സാധ്യതയുണ്ട്. പഞ്ചാബിൽ ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലും, കേരളത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും തമ്മിലും ധാരണയുണ്ടാകില്ല. ഇരു സംസ്ഥാനങ്ങളിലും ധാരണയുണ്ടാക്കിയാൽ അത് ബിജെപിക്ക് രണ്ടാം പാർട്ടിയെന്ന അനുകൂല സാഹചര്യം സൃഷ്ടിക്കുമെന്നാണ് മുന്നണി നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ.

ആം ആദ്മി പാർട്ടിയും കോൺഗ്രസും തമ്മിൽ ഡൽഹി, ഗുജറാത്ത്, ഹരിയാന സംസ്ഥാനങ്ങളിൽ ധാരണയായത് ഇൻഡ്യ മുന്നണിക്ക് നേട്ടമാണ്. ഡൽഹിയിൽ ആം ആദ്മി പാർട്ടി നാല് സീറ്റീൽ മത്സരിക്കുമ്പോൾ കോൺഗ്രസ് മൂന്ന് സീറ്റിലാണ് മത്സരിക്കുന്നത്. ന്യൂഡല്‍ഹി, സൗത്ത് ഡല്‍ഹി, വെസ്റ്റ് ഡല്‍ഹി, ഈസ്റ്റ് ഡല്‍ഹി, എന്നിവിടങ്ങളില്‍ ആപ്പും ചാന്ദ്‌നിചൗക്ക്, നോര്‍ത്ത് ഈസ്റ്റ് ഡല്‍ഹി, നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസുമാണ് മത്സരിക്കുക. ഗുജറാത്തിൽ ആകെയുള്ള 26 സീറ്റുകളിൽ 24 എണ്ണത്തിൽ കോൺഗ്രസും രണ്ടിടത്ത് ആം ആദ്മി പാർട്ടിയും മത്സരിക്കും. ഗുജറാത്തിൽ ബറൂച്ച്, ഭാവ്‌നഗര്‍ സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി മത്സരിക്കുക. 2022ൽ നടന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അഞ്ച് സീറ്റുകൾ വിജയിക്കുകയും 12.92 ശതമാനം വോട്ടുകൾ നേടുകയും ചെയ്തിരുന്നു. പത്ത് സീറ്റുകളുള്ള ഹരിയാനയിൽ കോൺഗ്രസ് ഒമ്പത് സീറ്റുകളിലാണ് മത്സരിക്കുന്നത്. കരുക്ഷേത്രയാണ് ഹരിയാനയിൽ ആം ആദ്മി പാർട്ടി മത്സരിക്കുന്ന ഏക സീറ്റ്.

ഏറ്റവും കൂടുതൽ ലോക്സഭാ സീറ്റുകളുള്ള ഉത്തർപ്രദേശിൽ സമാജ്‌വാദി പാര്‍ട്ടിയും കോൺഗ്രസും തമ്മിൽ സീറ്റ് ധാരണയിലെത്തിയത് ഇൻഡ്യ മുന്നണിക്ക് ആശ്വാസമായി. കോൺഗ്രസിന് 17 സീറ്റുകളാണ് സമാജ്‌വാദി പാര്‍ട്ടി മത്സരിക്കാനായി നൽകിയിരിക്കുന്നത്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവുമായി എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി നടത്തിയ ചര്‍ച്ചക്ക് ശേഷമായിരുന്നു തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരാണസി മണ്ഡലത്തെ ചൊല്ലിയുള്ള തർക്കങ്ങളും ഇരുപാർട്ടികൾക്കും പരസ്പരം പരിഹരിക്കാൻ സാധിച്ചു. വാരാണസിയിൽ കോൺഗ്രസ് മത്സരിക്കും. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായി ആണ് മോദിക്കെതിരെ മത്സരിക്കുക. കഴിഞ്ഞ തവണയും അജയ് റായ് തന്നെയായിരുന്നു മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. 152,548 വോട്ടുകളാണ് അജയ് റായി നേടിയത്. സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും അന്ന് മത്സരരംഗത്തുണ്ടായിരുന്നു. എസ്പി സ്ഥാനാര്‍ത്ഥിയായ ശാലിനി യാദവ് 195,159 വോട്ടുകളാണ് നേടിയത്. ഇക്കുറി രണ്ട് പാര്‍ട്ടികളും സഖ്യത്തിലായതിനാല്‍ മണ്ഡലത്തില്‍ വലിയ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് ഇന്‍ഡ്യ മുന്നണി പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയിൽ ഇന്‍ഡ്യ സഖ്യത്തിന്റെ സീറ്റുവിഭജന ചര്‍ച്ചകള്‍ക്ക് രാഹുൽ ഗാന്ധി തന്നെ മുന്‍കൈ എടുത്തിട്ടുണ്ട്. ആകെയുള്ള 48 സീറ്റുകളില്‍ 39 സീറ്റുകളിൽ ധാരണയുണ്ടാക്കാനാണ് ഇപ്പോൾ ശ്രമം. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം തലവനെയും എന്‍സിപി ശരദ് പവാര്‍ വിഭാഗത്തെയും പങ്കാളികളാക്കിയുള്ള നീക്കത്തിനാണ് രാഹുല്‍ ഗാന്ധി മുന്‍കൈ എടുത്തിരിക്കുന്നത്. സൗത്ത് സെന്‍ട്രല്‍ മുംബൈ, നോര്‍ത്ത് വെസ്റ്റ് മുംബൈ അടക്കം എട്ടോളം സീറ്റുകളില്‍ കോണ്‍ഗ്രസും ഉദ്ധവ് വിഭാഗം ശിവസേനയും അവകാശവാദം ഉന്നയിക്കുന്നതാണ് സീറ്റ് വിഭജന ചര്‍ച്ചകള്‍ കീറാമുട്ടിയാക്കുന്നത്. 2019ല്‍ അവിഭക്ത ശിവസേന 23 സീറ്റുകളില്‍ മത്സരിച്ച് സൗത്ത് സെന്‍ട്രല്‍ മുംബൈ, നോര്‍ത്ത് വെസ്റ്റ് മുംബൈ അടക്കം 18 സീറ്റുകള്‍ സ്വന്തമാക്കിയിരുന്നു. 2019ല്‍ കോണ്‍ഗ്രസ് 25 സീറ്റില്‍ മത്സരിച്ചെങ്കിലും ഒരിടത്ത് മാത്രമാണ് വിജയിച്ചത്. എന്‍സിപി 19 സീറ്റില്‍ മത്സരിച്ച് നാലിടത്ത് വിജയിച്ചിരുന്നു. 25 സീറ്റില്‍ മത്സരിച്ച് ബിജെപി കഴിഞ്ഞ തവണ 23 സീറ്റുകളില്‍ വിജയിച്ചിരുന്നു. പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ ആഘാഡി അഞ്ച് സീറ്റുകള്‍ ആവശ്യപ്പെടുന്നതും സീറ്റ് വിഭജനം സങ്കീര്‍ണ്ണമാക്കുന്നുണ്ട്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ 47 സീറ്റില്‍ മത്സരിച്ചിരുന്നെങ്കിലും ഒരിടത്ത് പോലും വിജയിക്കാന്‍ സാധിച്ചിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ 236 സീറ്റുകളില്‍ വഞ്ചിത് ബഹുജന്‍ ആഘാഡി മത്സരിച്ചെങ്കിലും സീറ്റുകളൊന്നും നേടാന്‍ സാധിച്ചിരുന്നില്ല. മഹാരാഷ്ട്രയിലും ഇൻഡ്യ മുന്നണി താമസിയാതെ സഖ്യനീക്കത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ ഇൻഡ്യ മുന്നണിയിലെ കക്ഷികൾ സഖ്യത്തിൽ അധികാരത്തിലിരിക്കുന്ന തമിഴ്നാട്ടിലും സീറ്റ് വിഭജനം സുഗമമായി നടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 2019ലെ തിരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ആകെയുള്ള 39 സീറ്റുകളില്‍ ഡിഎംകെ 20 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും സിപിഐഎമ്മും സിപിഐയും രണ്ട് സീറ്റുകൾ വീതവും മുസ്ലിംലീഗ്, ഇന്‍ഡ്യ ജനനായകകക്ഷി, കൊങ്കുനാട് മക്കള്‍ ദേശീയ കക്ഷി, മരുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം എന്നിവര്‍ ഒരോ സീറ്റിലും മത്സരിച്ചിരുന്നു. ഇത്തവണയും തമിഴ്നാട്ടിൽ സീറ്റുവിഭജനം ഭംഗിയായി പൂർത്തിയാകുമെന്നാണ് ഇൻഡ്യ മുന്നണി പ്രതീക്ഷിക്കുന്നത്.

2019ല്‍ ആര്‍ജെഡി 19 സീറ്റിലും കോണ്‍ഗ്രസ് 9 സീറ്റിലും ആര്‍എല്‍എസ്പി 5 സീറ്റിലും എച്ച്എഎം 3 സീറ്റിലും വിഐപി 3 സീറ്റിലും മത്സരിച്ചിരുന്നു. ഇടതുപാര്‍ട്ടികള്‍ മൂന്നാം സഖ്യമെന്ന നിലയിലാണ് മത്സരിച്ചത്. നേരത്തെ ആര്‍ജെഡി-ജെഡിയു നേതൃത്വത്തില്‍ രൂപീകരിച്ച മഹാഖഡ്ബന്ധന്‍ സഖ്യത്തില്‍ ഇടതുപാര്‍ട്ടികളും ഇടംപിടിച്ചിരുന്നു. അതിനാല്‍ തന്നെ ബിഹാറില്‍ ഇടതുപാര്‍ട്ടികളെ കൂടി ഉള്‍പ്പെടുത്തിയുള്ള സീറ്റുധാരണയ്ക്ക് ഇന്‍ഡ്യാ സഖ്യം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നിലവിൽ ഇൻഡ്യ സഖ്യത്തിലെ പ്രധാനകക്ഷികൾ ധാരണയിലെത്തിയിരിക്കുന്ന ഡൽഹി, ഗുജറാത്ത്, ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലായി 123 സീറ്റുകളാണ് ആകെയുള്ളത്. ഇൻഡ്യ മുന്നണിയ്ക്ക് സുഗമമായി സഖ്യത്തിലെത്താൻ സാധിക്കുന്ന ബിഹാർ, തമിഴ്നാട് എന്നിവിടങ്ങളിലായി 79 സീറ്റുകളാണ് ആകെയുള്ളത്. സീറ്റ് ധാരണയ്ക്കായുള്ള ശ്രമങ്ങൾ ശക്തമായി പുരോഗമിക്കുന്ന മഹാരാഷ്ട്രയിൽ 48 സീറ്റുകളാണ് ആകെയുള്ളത്. ഈ ആറ് സംസ്ഥാനങ്ങളിൽ മാത്രമായി 250 സീറ്റുകളാണ് ഉള്ളത്. പഞ്ചാബ് കേരളം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ഇൻഡ്യ മുന്നണി കക്ഷികൾ വവ്വേറെ മത്സരിക്കാൻ തീരുമാനിച്ചാലും ബംഗാളിൽ ഒഴികെ ബിജെപിക്ക് മുന്നേറ്റം ഉണ്ടാക്കാൻ കഴിയുന്ന സാഹചര്യം ഇല്ല. കേരളത്തിലെ 20 സീറ്റുകളും പഞ്ചാബിലെ 13 സീറ്റുകളും ഇൻഡ്യ മുന്നണിക്കൊപ്പം തന്നെ നിൽക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലെ സീറ്റുകൾ കൂടി ചേരുമ്പോൾ കേവല ഭൂരിപക്ഷത്തിന് വേണ്ടതിനെക്കാൾ കൂടുതൽ സീറ്റുകളിൽ ഇൻഡ്യാ മുന്നണിക്ക് സഖ്യത്തിലെത്താൻ കഴിയുമെന്ന ചിത്രമാണ് നിലവിൽ തെളിഞ്ഞിരിക്കുന്നത്.

Top