ന്യൂഡല്‍ഹി: മുസ്ലീം ലീഗിനെതിരെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ വിവാദ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത്. യോഗി എന്ന ‘വൈറസ്’ ഉത്തര്‍പ്രദേശിന്റെ വികസനം പിന്നോട്ടടിച്ചെന്നാണ് കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞത്.
യോഗിക്ക് ഉപതെരഞ്ഞെടുപ്പിലൂടെ ജനം ഒരിക്കല്‍ മറുപടി നല്‍കിയതാണെന്നും ലോക്സഭാ തെരഞ്ഞെടുപ്പോടെ അത് പൂര്‍ണമാകുമെന്നും സുര്‍ജെവാല വ്യക്തമാക്കി. മുസ്ലീംലീഗ് വൈറസാണെന്ന യോഗിയുടെ പരാമര്‍ശം ഇതിനോടകം തന്നെ വിവാദമായി മാറിയിട്ടുണ്ട്.
മുസ്ലീംലീഗ് വൈറസാണെന്നും കോണ്‍ഗ്രസിന് ഈ വൈറസ് ബാധ ഏറ്റിട്ടുണ്ടെന്നും കോണ്‍ഗ്രസ് വിജയിച്ചാല്‍ ഈ വൈറസ് രാജ്യത്താകെ പടരുമെന്നുമായിരുന്നു യോഗി ആദിത്യനാഥ് പറഞ്ഞത്.
രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയതാണെന്നും അവിടെ മുസ്ലീംലീഗാണ് രാഹുലിന് പിന്തുണ നല്‍കുന്നതെന്നും യോഗി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷേറില്‍ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് യോഗി ആദിത്യനാഥ് ഈ പരാമര്‍ശം നടത്തിയത്.
മുസ്ലീംലീഗ് വൈറസാണെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയ്ക്കെതിരെ മുസ്ലീംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയിരുന്നു. യോഗിയ്ക്ക് അറിവില്ലായ്മയാണെന്നും എന്‍ഡിഎയിലും പച്ചക്കൊടി ഉണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യോഗിയുടെ പരാമര്‍ശത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ലീഗ് നേതാവ് കെ.പി.എ.മജീദും അറിയിച്ചിട്ടുണ്ട്.