ഖദറിൽ നിന്ന് കാവിയിലേക്ക് ഇനി ഒരു ദൂരവുമില്ല ! അതാണ് യാഥാർത്ഥ്യം . . .

ധികാരം, അത് ചിലര്‍ക്ക് ഒരു ലഹരിയാണ്. ഈ ആര്‍ത്തിയാണ് കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടിയെ അതി ദയനീയാവസ്ഥയില്‍ എത്തിച്ചിരിക്കുന്നത്. ജനങ്ങള്‍ ഭരിക്കാന്‍ നല്‍കിയ അവകാശം ആദ്യം കര്‍ണ്ണാടകയില്‍ തുലച്ച കോണ്‍ഗ്രസ്സ് പിന്നീട് മധ്യപ്രദേശിലും അത് ആവര്‍ത്തിക്കുകയുണ്ടായി. ഏറ്റവും ഒടുവില്‍ രാജസ്ഥാനിലും സര്‍ക്കാര്‍ ത്രിശങ്കുവിലാണ്. കോണ്‍ഗ്രസ്സ് ഉന്നത നേതാക്കളുടെ അധികാര മോഹമാണ് ഇത്തരം ഒരു സ്ഥിതിവിശേഷം ഇവിടെയും സൃഷ്ടിച്ചിരിക്കുന്നത്.

200 അംഗ രാജസ്ഥാന്‍ നിയമസഭയില്‍ 124 പേരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്. 30 പേരെ ഒപ്പം കൂട്ടി ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റാണ് നിലവില്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്. ഇനി താല്‍ക്കാലികമായി പ്രശ്‌നം പരിഹരിക്കപ്പെട്ടാല്‍ പോലും, ഈ സര്‍ക്കാറിന് ആയുസ് കുറവാവാനാണ് സാധ്യത. കോണ്‍ഗ്രസ്സ് വിളിച്ചു ചേര്‍ത്ത എം.എല്‍.എമാരുടെ യോഗത്തില്‍ പങ്കെടുത്തവരില്‍ ഒരു വിഭാഗം, അവിശ്വാസ പ്രമേയം വന്നാല്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതും ഏറെ പ്രസക്തമാണ്.

കോണ്‍ഗ്രസ്സ് വിട്ട ജോതിരാദിത്യ സിന്ധ്യ തന്നെയാണ്, സച്ചിന്‍ പൈലറ്റിനെയും പുകച്ച് ചാടിക്കാന്‍ ശ്രമിക്കുന്നത്. സച്ചിന്‍ കൂടി വന്നാല്‍ രണ്ടു യുവ നേതാക്കള്‍ക്കും കേന്ദ്ര മന്ത്രി പദം നല്‍കാനാണ് ബി.ജെ.പി നീക്കം. കോണ്‍ഗ്രസ്സ് എം.എല്‍.എമാരെ ചാക്കിലാക്കാന്‍ സാധ്യമായ എല്ലാ വഴികളും ബി.ജെ.പിയും നോക്കുന്നുണ്ട്. കോണ്‍ഗ്രസ്സുമായി ബന്ധമുള്ള വ്യവസായികളെ ലക്ഷ്യമിട്ട്, കേന്ദ്ര ഏജന്‍സികള്‍ റെയ്ഡും തുടരുന്നുണ്ട്. എം.എല്‍.എമാരെ പിടിച്ചു നിര്‍ത്തുന്ന സാമ്പത്തിക ഉറവിടം തകര്‍ക്കുകയാണ്, റെയ്ഡ് വഴി കേന്ദ്രം ലക്ഷ്യമിടുന്നത്.

101 പേരുടെ പിന്തുണയാണ് രാജസ്ഥാനില്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ വേണ്ടത്. സച്ചിന് 30 പേരുടെ പിന്തുണ ലഭിച്ചാല്‍ നിഷ്പ്രയാസം അതിന് സാധിക്കും. ബിജെപിക്ക് നിയമസഭയില്‍ 76 പേരുടെ പിന്തുണയുണ്ട്. സച്ചിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ചാല്‍, കൂടുതല്‍ എം.എല്‍.എമാര്‍ കോണ്‍ഗ്രസ്സ് വിടുമെന്ന കണക്കുകൂട്ടലും ബി.ജെ.പിക്കുണ്ട്. ആ സാധ്യതയും അവര്‍ ആലോചിക്കുന്നുണ്ട്.

എന്ത് സമവായം കോണ്‍ഗ്രസ്സില്‍ നടന്നാലും അശോക് ഗെഹ്ലോട്ട് സര്‍ക്കാറിനെ വീഴ്ത്താന്‍ തന്നെയാണ് ബി.ജെ.പിയുടെ തീരുമാനം. രാജസ്ഥാന്‍ കൂടി കൈവിട്ടാല്‍ പിന്നെ, പഞ്ചാബിലും ചത്തീസ്ഗഢിലും കേന്ദ്ര ഭരണ പ്രദേശമായ പുതുശ്ശേരിയിലും മാത്രമായി കോണ്‍ഗ്രസ്സ് ഭരണം ഒതുങ്ങും. ഈ സംസ്ഥാനങ്ങളില്‍ പോലും കോണ്‍ഗ്രസ്സില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാണ്. അധികാര മോഹം തന്നെയാണ് ഇവിടെയും വില്ലന്‍. കോണ്‍ഗ്രസ്സ് ശിവസേനക്കൊപ്പം ഭരിക്കുന്ന മഹാരാഷ്ട്രയിലും സ്ഥിതി ഗുരതരമാണ്. കോവിഡ് വ്യാപനം രൂക്ഷമായത് ഭരണത്തിന്റെ പിടിപ്പ് കേടാണെന്നാണ് ആക്ഷേപം.

കോണ്‍ഗ്രസ്സിന്റെ മുന്‍ മുഖ്യമന്ത്രി ഇവിടെ ഉദ്ധവ് താക്കറെ മന്ത്രിസഭയില്‍ സാധാരണ മന്ത്രിയായത് തന്നെ, അധികാര മോഹത്തിന്റെ ഒന്നാംന്തരം ഉദാഹരണമാണ്. രാജ്യം ഏറ്റവും കൂടുതല്‍ ഭരിച്ച രാഷ്ട്രീയ പാര്‍ട്ടിയുടെ അപചയമാണിത്. പുതിയ ജനറേഷന്‍ കോണ്‍ഗ്രസ്സില്‍ നിന്നും അകലുന്ന സാഹചര്യമാണ് നിലവിലുള്ളത്. അവര്‍ ചെന്നെത്തി പെടുന്നതാകട്ടെ, കാവി പാളയത്തിലുമാണ്. ഇപ്പോള്‍ ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍, ബി.ജെ.പി വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളാണ് രാജസ്ഥാനും മഹാരാഷ്ട്രയും.ഈ ആത്മവിശ്വാസം അവര്‍ക്ക് നല്‍കിയിരിക്കുന്നതാവട്ടെ, കോണ്‍ഗ്രസ്സുമാണ്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബീഹാര്‍, പശ്ചിമ ബംഗാള്‍, തമിഴ്‌നാട് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സിന്റെ അവസ്ഥ ദയനീയമാണ്.

കേരളമാണ് ഭരണം ലഭിക്കുമെന്ന് കോണ്‍ഗ്രസ്സ് പ്രതിക്ഷിക്കുന്ന ഏക സംസ്ഥാനം. സ്വപ്നയെ ‘സ്വപ്നം’ കണ്ടാണ് ഈ കണക്ക് കൂട്ടല്‍. എന്നാല്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് സംഘവുമായി യു.ഡി.എഫ് നേതാക്കള്‍ക്കുള്ള ബന്ധം പുറത്തായത്, അവര്‍ക്ക് തന്നെ തിരിച്ചടിയായിട്ടുണ്ട്. സ്വപ്നയുമായി ബന്ധമുണ്ടായിരുന്ന പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ പുറത്താക്കിയാണ് മുഖ്യമന്ത്രി പ്രതിരോധം തീര്‍ത്തിരിക്കുന്നത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്ന നിലപാടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഒളിക്കാന്‍ ഒന്നുമില്ലന്നതാണ് പ്രഖ്യാപനം. നിയമവിരുദ്ധ പ്രവര്‍ത്തിക്ക് കൂട്ടുനിന്ന ഒരു ഉദ്യോഗസ്ഥനെയും സംരക്ഷിക്കില്ലന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ നിലപാടുകള്‍ തന്നെയാണ് പ്രതിരോധത്തിന് ഇടതുപക്ഷവും ഉപയോഗിക്കുന്നത്.

2021 -നെ, ഭരണ തുടര്‍ച്ചക്കുള്ള അവസരമായാണ് ഇടതുപാര്‍ട്ടികള്‍ നോക്കി കാണുന്നത്. അടുത്ത തവണ അധികാരം ലഭിച്ചില്ലങ്കില്‍, ഇനി ഒരിക്കലും ഇല്ലന്നതാണ് യു.ഡി.എഫിന്റെയും സ്ഥിതി. ഭരണ തുടര്‍ച്ച ഇടതുപക്ഷത്തിന് ലഭിച്ചാല്‍, കാവി ‘ചാക്കില്‍’ കോണ്‍ഗ്രസ്സ് നേതാക്കള്‍ ചാടാനുള്ള സാധ്യതയും കൂടുതലാണ്. യു.ഡി.എഫ് ഘടക കക്ഷികളും പിന്നെ, അവരുടെ വഴിയാണ് നോക്കുക. യു.ഡി.എഫ് തന്നെ ശിഥിലമാകാനാണ് ഇതോടെ വഴി ഒരുക്കുക. ഈ സാഹചര്യം ഒഴിവാക്കാനാണ് ഘടകകക്ഷികളും ശ്രമിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ്സ് നേതൃത്വം ഇതൊന്നും കാര്യമാക്കുന്നില്ല. ഭരണം കിട്ടുമെന്ന് ഉറപ്പിച്ച് മുഖ്യമന്ത്രി പദത്തിനായാണ് അവര്‍ക്കിടയിലെ പോര്.

ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.സി വേണുഗോപാല്‍ എന്നിവരാണ് മുഖ്യമന്ത്രി കുപ്പായം തുന്നിയിരിക്കുന്നത്. സമവായ സ്ഥാനാര്‍ത്ഥിയാവാന്‍ ഉറച്ച് എ.കെ ആന്റണിയും അണിയറയിലുണ്ട്. ഭരണ തുടര്‍ച്ച, കേരളത്തിന്റെ ചരിത്രത്തില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലന്നത് മാത്രമാണ്, ഇവരുടെ പ്രതീക്ഷക്ക് ആധാരം. സ്വന്തം കാലിനടിയിലെ മണ്ണ് ചോര്‍ന്ന് പോകുന്നത് കാണാതെയാണ്,’സ്വപ്‌നലോകത്തെ’ ഈ കണക്കുകൂട്ടല്‍.

Top