പാര്‍ട്ടി സംവിധാനത്തെ പുന:സംഘടിപ്പിക്കാതെ രാഹുല്‍ രാജി വയ്ക്കരുത്; എം. വീരപ്പ മൊയ്‌ലി

ഹൈദരാബാദ്: കോണ്‍ഗ്രസ്സ് പാര്‍ട്ടി കൃത്യമായ ഘടന ഇല്ലാതെയാണ് മുന്നോട്ട് പോകുന്നതെന്നും പാര്‍ട്ടി സംവിധാനത്തെ പുന:സംഘടിപ്പിക്കാതെ രാഹുല്‍ രാജി വയ്ക്കരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര പെട്രോളിയം മന്ത്രിയുമായിരുന്ന എം. വീരപ്പ മൊയ്‌ലി.

കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ അച്ചടക്കം കൊണ്ടുവന്നതിന് ശേഷം മാത്രമേ പാര്‍ട്ടി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജി വയ്ക്കാനാകൂ. പാര്‍ട്ടി സംവിധാനത്തെ പുനഃസംഘടിപ്പിക്കാനുള്ള ഉത്തരവാദിത്തവും രാഹുലിന്റേതാണ്. സംസ്ഥാനങ്ങളിലെ പാര്‍ട്ടി നേതാക്കള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടെന്നും ഇത് അടിയന്തിരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും മൊയ്‌ലി കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ അച്ചടക്കം നഷ്ടപ്പെട്ടിരിക്കുകയാണ് സമാധാനമായി ഇരിക്കാന്‍ പറ്റിയൊരു അവസരമല്ല ഇതെന്നും അടിയന്തിരമായി അച്ചടക്കം പുനഃസ്ഥാപിക്കേണ്ടതാണെന്നും മൊയ്‌ലി വ്യക്തമാക്കി.

ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റുവാങ്ങിയ കനത്ത പരാജയത്തിന് ശേഷം താന്‍ പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്തുനിന്നും രാജി വയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. താന്‍ പാര്‍ട്ടിയില്‍ ഒരു സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയും പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രാഹുലിനെ ഈ തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും വഴങ്ങാന്‍ രാഹുല്‍ കൂട്ടാക്കിയിരുന്നില്ല.

Top