രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന ആരോപണം; കേസ് സുപ്രീംകോടതി തള്ളി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വിദേശപൗരത്വമുണ്ടെന്ന ആരോപണം സംബന്ധിച്ച കേസ് സുപ്രീംകോടതി തള്ളി. യുണൈറ്റഡ് ഹിന്ദു ഫ്രണ്ട് എന്ന സംഘടനയാണ് ആരോപണവുമായി കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

വിദേശ കമ്പനിയുടെ രേഖകളില്‍ രാഹുല്‍ ബ്രിട്ടീഷ് പൗരന്‍ എന്ന് എഴുതിയിട്ടുണ്ടാകാം എന്നു വെച്ച് രാഹുല്‍ ബ്രിട്ടീഷുകാരനാകുമോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

തെരഞ്ഞെടുപ്പില്‍ നിന്ന് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നും വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. വയനാട്ടില്‍ നിന്നും അമേഠിയില്‍ നിന്നുമാണ് രാഹുല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്.

വിദേശപൗരത്വമുണ്ടെന്ന ആരോപണത്തില്‍ രാഹുല്‍ ഗാന്ധിക്ക് കേന്ദ്ര ആഭ്യന്തര വകുപ്പ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയിലാണ് സര്‍ക്കാര്‍ രാഹുല്‍ ഗാന്ധിയില്‍ നിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നത്.

2003-ല്‍ ബാക്‌ഡ്രോപ്പ് ലിമിറ്റഡ് എന്ന പേരില്‍ യു.കെയില്‍ ഒരു കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അതിലെ ഒരു ഡയറക്ടറും സെക്രട്ടറിയുമാണ് രാഹുല്‍ ഗാന്ധിയെന്നും സുബ്രഹ്മണ്യന്‍ സ്വാമി നല്‍കിയ പരാതിയില്‍ പറയുന്നു. അതിന്റെ ആന്വല്‍ റിപ്പോര്‍ട്ടില്‍ താന്‍ ബ്രിട്ടീഷ് പൗരനാണെന്ന് രാഹുല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും പരാതിയിലുണ്ട്.

Top