യുഡിഎഫ് ആവേശത്തില്‍; രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പത്രിക കളക്ടര്‍ക്ക് മുന്‍പാകെയാണ് സമര്‍പ്പിച്ചത്. രാഹുലിനൊപ്പം സഹോദരി പ്രിയങ്ക ഗാന്ധിയും വയനാട്ടില്‍ എത്തിയിട്ടുണ്ട്.

രാവിലെ കല്‍പറ്റ എസ്‌കെഎംജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്ടര്‍ ഇറങ്ങിയ രാഹുല്‍ കല്‍പറ്റ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്നു കളക്ടറേറ്റ് പരിസരം വരെ രണ്ടു കിലോമീറ്റര്‍ റോഡ് ഷോയും നടത്തിയിരുന്നു.

വയനാട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഉജ്വല വരവേല്‍പ്പാണ് നേതാക്കള്‍ നല്‍കിയത്. യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആവേശം കണ്ട രാഹുല്‍ സുരക്ഷ നോക്കാതെ തുറന്ന വാഹനത്തില്‍ കയറി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തിരുന്നു.

കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും രാഹുലിന് ഒപ്പമുണ്ട്. അതീവ സുരക്ഷയുള്ള ഇസഡ് പ്‌ളസ് കാറ്റഗറിയിലാണ് രാഹുല്‍ വയനാട്ടിലേക്ക് എത്തിയത്. യന്ത്രത്തോക്കുമായി 36 കമാന്‍ഡോകളും അദ്ദേഹത്തോടൊപ്പം കൂടെയുണ്ട്. പത്രിക സമര്‍പ്പിക്കുന്ന വയനാട് കളക്ട്രേറ്റിലും വന്‍ സുരക്ഷയാണ് ഒരുക്കിയിരുന്നത്.

രാഹുലിനൊപ്പം നാലുപേര്‍ക്ക് മാത്രമായിരുന്നു പത്രിക സമര്‍പ്പിക്കാന്‍ കളക്ടറുടെ ചേമ്പറിലേക്ക് കയറാന്‍ അനുവാദമുണ്ടായിരുന്നുള്ളൂ. മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Top